ജമേഷ മുബീന്റെ വീട്ടില്‍ സ്ഫോടക വസ്തുക്കള്‍, വാഹനത്തില്‍ ആണിയും മാര്‍ബിള്‍ കഷ്ണങ്ങളും; അന്വേഷണം പുരോഗമിക്കുന്നു
പൊട്ടാഷ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, ചാര്‍ക്കോള്‍, സള്‍ഫര്‍ ഉള്‍പ്പെടെ തീരതമ്യേന വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
24 Oct 2022 5:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കോയമ്പത്തൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൊട്ടിത്തെറിച്ചു മരിച്ച ജമേഷ മുബീന്റെ വീട്ടില്‍ നിന്നും വലിയ അളവില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. കൊല്ലപ്പെട്ട യുവാവിനെ 2019 ല്‍ ഐഎസ്ഐഎസ് ബന്ധം സംശയിച്ച് കേന്ദ്ര ഭീകരവാദ വിരുദ്ധ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് വീട്ടില്‍ പരിശോധന നടത്തിയത്.
പൊട്ടാഷ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, ചാര്‍ക്കോള്‍, സള്‍ഫര്‍ ഉള്‍പ്പെടെ തീരതമ്യേന വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. നാടന്‍ ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന വസ്തുക്കളാണ് കണ്ടെടുത്തതെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്നും ആണി, മാര്‍ബിള്‍, തുടങ്ങിയ വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് പറയുന്നു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
യുവാവ് കൊല്ലപ്പെട്ട സംഭവം ചവേര്‍ ആക്രമണമാണോയെന്ന സംശയം പൊലീസിനുണ്ട്. ഇത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയാണ് ജമേഷ സഞ്ചരിച്ച മാരുതി 800 കാര്‍ പൊട്ടിത്തെറിച്ചത്. കോട്ടൈമേട് സംഗമേശ്വരന് ക്ഷേത്രത്തിന് മുന്‍വശത്തുവെച്ചായിരുന്നു സംഭവം. കാറില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്നും പൊട്ടാത്തതുള്‍പ്പെടെ രണ്ട് എല്‍പിജി സിലിണ്ടറുകളും സ്റ്റീല്‍ ബോളുകള്‍, അലുമൂനിയം, ഇരുമ്പ് എന്നിവയും കണ്ടെത്തിയിരുന്നു.