Top

'വര്‍ഷങ്ങളായി ഗോവയില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം'; രണ്ടാമത് അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ നിര്‍ത്തലാക്കിയെന്ന് പ്രമോദ് സാവന്ത്

2012 മുതല്‍ തുടര്‍ച്ചയായി ഗോവയില്‍ ബിജെപിയാണ് ഭരിക്കുന്നത്

6 July 2022 11:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വര്‍ഷങ്ങളായി ഗോവയില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം; രണ്ടാമത് അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ നിര്‍ത്തലാക്കിയെന്ന് പ്രമോദ് സാവന്ത്
X

പനജി: തന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഗോവയില്‍ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ ഹിന്ദുക്കളുടെ മതം മാറ്റം നിര്‍ത്തലാക്കിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന പരിപാടിയിലാണ് സാവന്ത് അവകാശവാദം ഉന്നയിച്ചത്. ഗോവയിലെ ബിജെപി സര്‍ക്കാര്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടു. 100 ദിവസത്തിനിടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ അടങ്ങിയ ലിസ്റ്റും മുഖ്യമന്ത്രി പുറത്ത് വിട്ടു.

'മതം മാറ്റത്തിനെതിരെ ബിജെപി സര്‍ക്കാര്‍ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്. നേരത്തെ സംസ്ഥാനത്ത് ഹിന്ദുക്കളുടെ മതപരിവര്‍ത്തനം നടക്കാറുണ്ടായിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ നിര്‍ത്തലാക്കി. വര്‍ഷങ്ങളായി നടക്കുന്ന മതപരിവര്‍ത്തനമാണ് അവസാനിപ്പിച്ചത്', സാവന്ത് അവകാശപ്പെട്ടു.

പോര്‍ച്ചുഗീസ് ഭരണ കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളും പൈതൃക സ്ഥലങ്ങളും പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തേ പ്രമോദ് സാവന്ത് അറിയിച്ചിരുന്നു. ഇതിനായി 20 കോടി രൂപയും നീക്കിവച്ചിരുന്നു.

2012 മുതല്‍ തുടര്‍ച്ചയായി ഗോവയില്‍ ബിജെപിയാണ് ഭരിക്കുന്നത്. 11ാം നിയമസഭയില്‍ ആദ്യത്തെ രണ്ടര വര്‍ഷം മനോഹര്‍ പരീഖറും അടുത്ത രണ്ട് വര്‍ഷം ലക്ഷികാന്ത് പര്‍സേക്കറുമായിരുന്നു ഗോവ മുഖ്യമന്ത്രിമാര്‍. പിന്നീട് 2017ല്‍ വീണ്ടും ബിജെപി അധികാരത്തില്‍ എത്തുകയും മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയായി. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് അദ്ദേഹം മരണപ്പെട്ടതിനെത്തുടര്‍ന്ന് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചു. 2022 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ാം നിയമസഭയില്‍ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ബിജെപി വീണ്ടും നിയോഗിക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിശ്വജിത്ത് റാണെയെ ഒഴിവാക്കിയാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തത്. തനിക്ക് മുഖ്യമന്ത്രി സ്ഥാനമോഹമുണ്ടെന്ന് റാണെ പല തവണ സൂചന നല്‍കിയിരുന്നു. ഫലം വന്നതിന് പിന്നാലെ പാര്‍ട്ടിയെ അറിയിക്കാതെ വിശ്വജിത്ത് റാണെ ഗവര്‍ണറെ പോയിക്കണ്ടതും വോട്ടെണ്ണല്‍ ദിവസം റാണെയുടെ വാട്സ്ആപ്പ് സ്റ്റാറ്റസില്‍ കോണ്‍ഗ്രസിന്റെ നിരീക്ഷകനായിരുന്ന ഡി കെ ശിവകുമാറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതും അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

40 അംഗ ഗോവ നിയമസഭയില്‍ 21 സീറ്റാണ് കേവല ഭൂരിപക്ഷം. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 20 സീറ്റുകളാണ് ലഭിച്ചത്. ഇതിന് പുറമെ മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാറുണ്ടാക്കിയത്. പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ അടക്കം പിന്തുണയിലാണ് ഗോവയില്‍ ഇപ്പോള്‍ സാവന്ത് സര്‍ക്കാര്‍ ഭരിക്കുന്നത്.

STORY HIGHLIGHTS: Religious Conversion Of Hindus Stopped Within 100 Days In State says Goa Chief Minister Pramod Sawant

Next Story