Top

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ധാമി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു; ഒഡിഷയില്‍ സീറ്റ് നിലനിര്‍ത്തി ബിജു ജനതാദള്‍

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖടിമയില്‍ നിന്നും പുഷ്‌കര്‍ സിംഗ് ധാമി കോണ്‍ഗ്രസ് നേതാവിനോട് പരാജയപ്പെട്ടിരുന്നു

3 Jun 2022 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ധാമി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു; ഒഡിഷയില്‍ സീറ്റ് നിലനിര്‍ത്തി ബിജു ജനതാദള്‍
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ചംപാവത് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പുഷ്‌കര്‍ സിംഗ് ധാമി വിജയിച്ചു. 54,121 വോട്ടിനായിരുന്നു കോണ്‍ഗ്രസിന്റെ നിര്‍മല ഗട്ടോരിയോട് ധാമിയുടെ വിജയം. പോള്‍ ചെയ്യപ്പട്ടതില്‍ 57,268 വോട്ടുകള്‍ പുഷ്‌കര്‍ സിംഗ് ധാമി നേടി. കേവലം 3,147 വോട്ടുകള്‍ മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി 409 വോട്ടുകള്‍ മാത്രമാണ് നേടിയത്.

നേരത്തെ, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖടിമയില്‍ നിന്നും പുഷ്‌കര്‍ സിംഗ് ധാമി കോണ്‍ഗ്രസ് നേതാവിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ധാമിയെ തന്നെ സംസ്ഥാന മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ ബിജെപി നേതൃത്വം തീരുമാനിച്ചതോടെ ഉപതെരഞ്ഞെടുപ്പ് വഴി സഭയിലെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇവിടെ ജയിച്ച് എംഎല്‍എയായ കൈലാഷ് ചന്ദ്ര ഗെട്ടോരിയെ രാജിവെപ്പിക്കുകയായിരുന്നു.

അതേസമയം, ഒഡിഷയിലെ ബ്രജ്‌രാജ് നഗറില്‍ ബിജു ജനതാദളിന്റെ സിറ്റിംഗ് എംഎല്‍എ കിഷോര്‍ മൊഹന്തിയുടെ മരണത്തെത്തുടര്‍ന്നായിരുന്നു സീറ്റ് ഒഴിവ് വന്നത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെഡി സീറ്റ് നിലനിര്‍ത്തി. കിഷോര്‍ മൊഹന്തിയുടെ ഭാര്യ അളക മൊഹന്തിയെയായിരുന്നു ബിജെഡി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇവിടെ രണ്ടാമത് കോണ്‍ഗ്രസിന്റെ കിഷോര്‍ ചന്ദ്ര പട്ടേലും മൂന്നാമത് ബിജെപിയുടെ രാധാരണി പാണ്ഡേയുമാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായയാതോടെ 70,101 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 45836 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12590 വോട്ടും ലഭിച്ചു. 25,016 വോട്ടിന്റെ ചരിത്രഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്. 2011 ല്‍ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷം 22,406 ആയിരുന്നു.

STORY HIGHLIGHTS: Pushkar Singh Dhami wins Champawat by election BJD wins Brajrajnagar by election in Odisha

Next Story