Top

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി സജീവം; ഗോവയിൽ സർക്കാർ രൂപീകരണം വൈകുന്നു

മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടരുന്നതില്‍ എതിര്‍പ്പുമായി മുന്‍ ഗോവന്‍ ആരോഗ്യമന്ത്രിയടക്കം പ്രമുഖര്‍

11 March 2022 8:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി സജീവം; ഗോവയിൽ സർക്കാർ രൂപീകരണം വൈകുന്നു
X

പനാജി: നാല്‍പതില്‍ 20 സീറ്റുകളും സ്വതന്ത്രരുടെ പിന്തുണയുമുണ്ടായിട്ടും ഗോവയില്‍ മുഖ്യനെ കണ്ടെത്താന്‍ വിഷമിച്ച് ബിജെപി. പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി തുടരുന്നതിലെ പാര്‍ട്ടിക്കകത്തെ എതിര്‍പ്പാണ് ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നതിന് കാരണം. ഇന്നലെ വരെ തീരുമാനമെടുക്കാന്‍ കഴിയാത്തത്തോടെ പുതിയ മുഖ്യനെ കണ്ടെത്താനുള്ള തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്.

20 സീറ്റുകളുമായി ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സ്വതന്ത്രരായി വിജയിച്ച മൂന്ന് പേരുടെ പിന്തുണ ഉറപ്പിച്ചാണ് സര്‍ക്കാര്‍ രൂപികരണത്തിന് ഒരുങ്ങുന്നത്. മാത്രമല്ല രണ്ട് അംഗങ്ങളുള്ള എംജിപിയും ബിജെപിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആര്‍എസ്എസ്‌കാരനായ പ്രമോദ് സാവന്തിനെ തന്നെ മുഖ്യമന്ത്രിയാക്കാനാണ് കേന്ദ്രത്തിന് താത്പര്യമെങ്കിലും ഗോവന്‍ രാഷ്ട്രീയത്തില്‍ സാവന്തിനേക്കാള്‍ സ്വാധീനമുള്ളവര്‍ മുഖ്യമന്ത്രി പദവിക്കായി ചരടുവലി നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ബിജെപി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന വിശ്വജീത്ത് റാണെയാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ചുവടുകള്‍ ഉറപ്പിക്കുന്നതിലെ പ്രമുഖന്‍.

ഇതിനിടെ ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ സ്വതന്ത്രനായി മത്സരിച്ച ഉത്പല്‍ പരീകറിനെ തോല്‍പിച്ച മോണ്‍സെരട്ടെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ തനിക്കായി ഒന്നും തന്നെ ചെയ്തില്ലെന്നും സ്വന്തം കഴിവുകൊണ്ട് മാത്രമാണ് ജയിച്ചതെന്നും മോണ്‍സെരട്ടെ തുറന്നടിച്ചു. 10 കോണ്‍ഗ്രസ് എംഎല്‍എമാരുമായ് 2019ല്‍ ബിജെപിയിലേക്ക് വന്ന മോണ്‍സെരട്ട 700 വോട്ടിനാണ് ഉത്പലിനെ പരാജയപ്പെടുത്തിയത്. പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ടായിട്ടും മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതിന് ബിജെപിയെ പഴി പറയുകയാണ് അദ്ദേഹം.

ഇത്തവണ സാന്‍ക്വെലിമില്‍ നിന്ന് മത്സരിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിജയിച്ചതും 666 വോട്ടുകള്‍ക്കാണ്. കുറഞ്ഞ ഭൂരിപക്ഷത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ സാവന്ത് ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും അറിയിച്ചു.

STORY HIGHLIGHTS: Plays for CM post are active; Government formation in Goa delayed

Next Story