Top

അംബേദ്കര്‍ ജയന്തിക്ക് ഒരു രൂപയ്ക്ക് പെട്രോള്‍ വിറ്റ് വിദ്യാര്‍ത്ഥി സംഘടന; തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസ്

കഴിഞ്ഞ ഒമ്പത് ദിവസമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്

15 April 2022 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അംബേദ്കര്‍ ജയന്തിക്ക് ഒരു രൂപയ്ക്ക് പെട്രോള്‍ വിറ്റ് വിദ്യാര്‍ത്ഥി സംഘടന; തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസ്
X

മുംബൈ: ഇന്ധനവില വര്‍ധനവില്‍ വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് മഹാരാഷ്ട്ര. ആദ്യത്തെ 500 ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ഒരു രൂപ നിരക്കിലാണ് വിതരണം ചെയ്തത്. സോളാപൂര്‍ സിറ്റിയിലെ പമ്പില്‍ അംബേദ്കര്‍ ദിനം ആഘോഷിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലൊരു പ്രതിഷേധത്തിനായി ഇറങ്ങിയത്.

'ഡോ. അംബേദ്കര്‍ സ്റ്റുഡന്‍സ് ആന്റ് യൂത്ത് പാന്തേഴ്‌സ്' എന്ന സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം വഹിച്ചത്. സംഭവം അറിഞ്ഞ് പമ്പിലേക്ക് ആളുകള്‍ ഇരച്ചെത്തിയതോടെ പൊലീസിനെ വിന്യസിക്കുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 120ലേക്ക് എത്തി. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമെന്നോണമാണ് ഒരു രൂപയ്ക്ക് ഇന്ധനം വിതരണം ചെയ്തതെന്ന് സംഘടനയുടെ ചുമതലയുള്ള സംസ്ഥാന നേതാവ് പ്രതികരിച്ചു.

കഴിഞ്ഞ ഒമ്പത് ദിവസമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. മാര്‍ച്ച് 22 നും ഏപ്രില്‍ 6 നും ഇടയില്‍ ലിറ്ററിന് 10 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപയും ഡീസലിന് 96 രൂപയുമാണ് ഇന്നത്തെ വില.

Next Story

Popular Stories