'ഞാന്‍ ആര്‍എസ്എസായിരുന്നു, കോണ്‍ഗ്രസിനേയും നെഹ്റു കുടുംബത്തേയും വെറുത്തു'; മറ്റാര്‍ക്കും രാജ്യത്തെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന് രേവന്ത് റെഡ്ഡി
തെലങ്കാന നിയമസഭയില്‍ ടിഡിപി എംഎല്‍എയായിരുന്ന രേവന്ത് റെഡ്ഡി 2017 ലായിരുന്നു കോണ്‍ഗ്രസിലെത്തിയത്
17 Nov 2022 3:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹൈദരാബാദ്: ഗാന്ധി കുടുംബത്തിന് മാത്രമെ രാജ്യത്തെ രക്ഷിക്കാനാകൂവെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി. ആര്എസ്എസിലായിരുന്ന സമയത്ത് കോണ്‍ഗ്രസിനോടും ഗാന്ധി കുടുംബത്തോടും കടുത്ത വെറുപ്പും ശത്രുതയും ആയിരുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ രാഹുല്‍ ഗാന്ധി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ സംഭാഷണത്തിനിടെയാണ് രേവന്ത് റെഡ്ഡി ഇക്കാര്യം പങ്കുവെച്ചത്.
'എന്റെ ഹൃദയത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. ഞാന്‍ ആര്‍എസ്എസിന്റെ ഭാഗമായിരുന്ന സമയത്ത് കോണ്‍ഗ്രസിനോട് കടുത്ത വെറുപ്പായിരുന്നു. ഗാന്ധി കുടുംബത്തോട് കടുത്ത ശത്രുതയായിരുന്നു. പക്ഷെ, ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു, ഈ കുടുംബത്തിനെ രാജ്യത്തിനെ രക്ഷിക്കാന്‍ കഴിയൂ. മാറ്റത്തിന്റെ ഈ കാലഘട്ടം ഏറെ പ്രധാനമാണ്. ഈയൊരു കുടുംബം വ്യക്തിജീവിതവും ജീവനും ഉള്‍പ്പെടെ എല്ലാം ബലി നല്കിയവരാണ്. രാജ്യത്തിന് വേണ്ടി ജീവന് ത്യജിക്കാന്‍ കഴിയുന്ന ഒരു കുടുംബം പണത്തില്‍ എന്ത് അര്‍ത്ഥം കണ്ടെത്താനാണ്? അവര്‍ക്ക് എന്തിനാണ് അഴിമതി? ആ പണം കൊണ്ട് അവര്‍ എന്ത് ചെയ്യാനാണ്.?' എന്നാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍.
തെലങ്കാന നിയമസഭയില്‍ ടിഡിപി എംഎല്‍എയായിരുന്ന രേവന്ത് റെഡ്ഡി 2017 ലായിരുന്നു കോണ്‍ഗ്രസിലെത്തിയത്. തുടര്‍ന്ന് 2021 ല്‍ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. എബിവിപിയിലൂടെയായിരുന്നു രേവന്ത് റെഡ്ഡിയുടെ വീദ്യാര്‍ത്ഥി രാഷ്ട്രീയം ആരംഭിച്ചത്.
Story Highlights: only the Gandhi family can save the country said Revanth Reddy