Top

ഡല്‍ഹി കലാപം: മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് രണ്ടു വര്‍ഷത്തിനൊടുവില്‍ ജാമ്യം

പൗരത്വനിയമഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ ജനക്കൂട്ടത്തോട് കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് മറ്റൊരു കേസും ഇസ്രത് ജഹാന്റെ മേല്‍ ഡല്‍ഹി പൊലീസ് ചുമത്തിയിരുന്നു.

14 March 2022 1:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹി കലാപം: മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് രണ്ടു വര്‍ഷത്തിനൊടുവില്‍ ജാമ്യം
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ തടവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ഇസ്രത് ജഹാന് ജാമ്യം. യുഎപിഎ ചുമത്തപ്പെട്ട് രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുന്‍ കൗണ്‍സിലര്‍ക്ക് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയ്. 2020 ഫെബ്രുവരിയിലാണ് ഇസ്രത് ജഹാനെ യുഎപിഎ ചുമത്തി കസ്റ്റഡിയിലെടുത്തത്. പൗരത്വനിയമഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ ജനക്കൂട്ടത്തോട് കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് മറ്റൊരു കേസും ഇസ്രത് ജഹാന്റെ മേല്‍ ഡല്‍ഹി പൊലീസ് ചുമത്തിയിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖുറേഷി ഖാസ് പ്രദേശത്തെ സമരസ്ഥലത്ത് വെച്ച് കലാപാഹ്വാനം നടത്തിയെന്നായിരുന്നു പൊലീസ് ആരോപണം. ഈ കേസിലും കോണ്‍ഗ്രസ് നേതാവിന് ജാമ്യം ലഭിച്ചു.

പൊലീസ് ഇസ്രത് ജഹാനെ ചിത്രീകരിച്ചത് ഒരു തീവ്ര ചിന്താഗതിക്കാരിയായാണെന്ന് അഭിഭാഷകന്‍ പ്രദീപ് തിയോട്ടിയ കോടതിയില്‍ ചൂണ്ടിക്കാട്ടി. പക്ഷെ, ഇസ്രത് ജഹാന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത് അവരുടെ മതേതര വിശ്വാസ്യതയിലൂടെയാണ്. ഇസ്രത് ജഹാന്റെ പണമിടപാടുകളില്‍ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. നിക്ഷേപവും പിന്‍വലിക്കലും മുന്‍പത്തെ രീതിയില്‍ തന്നെയായിരുന്നു. പഴയ നിക്ഷേപം തന്നെയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. പൊലീസിന് ഇസ്രത് ജഹാനെതിരെ വസ്തുതാപരമായ ഒരു തെളിവ് പോലും ഹാജരാക്കാനായില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

'ഇസ്രത് ജഹാനെ അകാരണമായി, ദുരുദ്ദേശ്യത്തോടെ കുറ്റാരോപിതയാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. യുഎപിഎ ചുമത്താന്‍ തക്ക വിധത്തില്‍ എന്തു തെളിവാണുള്ളതെന്ന് പ്രോസിക്യൂഷന്‍ പറയണം' പ്രദീപ് തിയോട്ടിയ കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന ഉണ്ടായിരുന്നെന്നും കലാപം നടന്നെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ഒക്ടോബറില്‍ വാദിച്ചത്. ഒരാളുടെ പ്രവൃത്തി മറ്റൊരാളുടെ പ്രവര്‍ത്തനത്തിന് കാരണമാകുമെന്നും പ്രോസിക്യൂഷന്‍ വാദിക്കുകയുണ്ടായി.

യുഎപിഎ കേസില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരായ നടാഷ നരാവല്‍, ദേവാംഗണ കലിത, ജാമിയ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, സഫൂറ സര്‍ഗാര്‍, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കാണ് ദീര്‍ഘനാളത്തെ തടവിനൊടുവില്‍ ജാമ്യം ലഭിച്ചത്.

Highlights: Northeast Delhi riots: Ex-Congress councilor Ishrat Jahan granted bail in UAPA case

Next Story