അറ്റോര്‍ണി ജനറല്‍ സ്ഥാനം; കേന്ദ്ര ആവശ്യം നിരസിച്ച് മുകുള്‍ റോഹ്ത്തകി
നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് റോഹ്ത്തകിയെ പരിഗണിച്ചിരുന്നത്
25 Sep 2022 10:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ ആകണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം നിരസിച്ച് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തകി. വീണ്ടുവിചാരം ഉണ്ടായതിനാലാണ് പദവി നിരസിക്കുന്നതെന്ന് റോഹ്ത്തകി വ്യക്തമാക്കി. അതേസമയം രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് തന്റെ പേര് പറിഗണിച്ച കേന്ദ്രസര്‍ക്കാരിനോട് മുകുള്‍ റോഹ്ത്തകി നന്ദി രേഖപ്പെടുത്തി.
നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് റോഹ്ത്തകിയെ പരിഗണിച്ചിരുന്നത്. 2017 ജൂണില്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനം ഒഴിഞ്ഞ റോഹ്ത്തകിക്ക് ശേഷം കെ കെ വേണുഗോപാല്‍ ചുമതലയേക്കുകയായിരുന്നു. പുതിയ എജിയായി മുകുള്‍ റോഹ്ത്തകി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ എ ജി ആകാനുള്ള തീരുമാനത്തില്‍ നിന്ന് റോഹ്ത്തകി പെട്ടെന്ന് പിന്മാറുകയായിരുന്നു.
റോഹ്ത്തകി പിന്മാറിയ സാഹചര്യത്തില്‍ അടുത്ത എ ജി ആരാകണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്കാണ് മുന്‍ഗണന എന്നാണ് സൂചന. അതേസമയം നിലവിലെ എ ജി കെ കെ വേണുഗോപാലിന്റെ കാലാവധി അല്പകാലത്തേക്ക് കൂടി നീട്ടുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
Story highlights: Mukul Rohatgi declines centre's offer to return as attorney general