Top

'ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ'; ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീഡിയോ, ഭിന്നത പുറത്ത്

'ഫഡ്‌നാവിസും ഷിന്‍ഡെയെ പിന്തുണച്ചത് ഹൃദയഭാരത്തോടെയാണ്, സന്തോഷത്തോടെയല്ലെങ്കിലും ആ തീരുമാനം അംഗീകരിക്കേണ്ടി വന്നു'

24 July 2022 2:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ; ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീഡിയോ, ഭിന്നത പുറത്ത്
X

മുംബൈ: ബിജെപിയുമായി കൈകോര്‍ത്ത് ശിവസേന വിമതര്‍ അട്ടിമറി ഭരണം സ്വന്തമാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവിഭാഗങ്ങള്‍ക്കിടയിലെയും അസ്വാരസ്യങ്ങളുടെ സൂചനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീഡിയോ. ശിവസേനയില്‍ വിമത നീക്കത്തിന് തുടക്കമിട്ട ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത് കഠിന ഹൃദയത്തോടെയാണെന്നാണ് വീഡിയോയില്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറയുന്നത്. പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ബിജെപിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

സുസ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും, എതിരാളികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കണമെന്നുള്ളതുകൊണ്ടുമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. ബിജെപി കേന്ദ്ര നേതൃത്വവും മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്‍ഡെയെ പിന്തുണച്ചത് ഹൃദയഭാരത്തോടെയാണ്. സന്തോഷത്തോടെയല്ലെങ്കിലും തങ്ങള്‍ക്ക് ആ തീരുമാനം അംഗീകരിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

ചന്ദ്രകാന്ത് പാട്ടീലിനെ തള്ളാതെയായിരുന്നു ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിന്റെ പ്രതികരണം. പാട്ടീലിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ന്യായീകരിച്ചു. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണ്. അത് പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഷിന്‍ഡെയാണ് തങ്ങളുടെ നേതാവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുമുള്ള തീരുമാനം, താന്‍ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച പലരെയും അമ്പരപ്പിച്ചിരിക്കാമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

'ചിലര്‍ക്കുള്ള അഭിപ്രായവ്യത്യാസത്തിന് അര്‍ത്ഥം ഷിന്‍ഡെ സ്വീകാര്യനല്ലെന്നല്ല. ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. അവരുടെ സര്‍ക്കാര്‍ ഈ ടേം പൂര്‍ത്തിയാക്കുമെന്ന് മാത്രമല്ല, അടുത്ത വര്‍ഷം മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യും', ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 30നായിരുന്നു മഹാരാഷ്ട്രയില്‍ ബിജെപിയുടെ പിന്തുണയോടെ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റത്.

Story Highlights: Maharashtra BJP chief Chandrakant Patil says Eknath Shinde made CM with 'heavy heart'

Next Story