'കർണാടക സ്കൂളുകളിലേക്ക് ഭഗവദ് ഗീതയും'; ആലോചനകൾ നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി
18 March 2022 12:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗളൂരു: കർണാടകയിൽ സ്കൂൾ സിലബസിൽ ഭഗവത് ഗീതയുടെ ഭാഗങ്ങൾ ഉൾപ്പെടുത്താൻ ആലോചനകൾ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വിദഗ്ധരുമായി ചർച്ച നടത്തുമെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സമാന നീക്കം ഗുജറാത്ത് നടത്തുന്നുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തിൽ മൂന്ന് മുതൽ നാല് ഘട്ടങ്ങളിലായി സദാചാര മൂല്യം അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ ഭഗവദ്ഗീത അവതരിപ്പിക്കാനാണ് അവരുടെ തീരുമാനം. അതാണ് ഇന്നെന്റെ ശ്രദ്ധയിൽ പെട്ടത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ, ബിസി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളിൽ ധാർമ്മിക ബോധം വളർത്താനുള്ള പദ്ധതികൾ നടപ്പാക്കാൻ നിരവധി പേർ തന്നോട് ആവശ്യപ്പെട്ടിരുന്നു.
മഹാത്മാ ഗാന്ധിയുൾപ്പെടെയുള്ളവരെ രാമായണം, ഭഗവദ്ഗീത ഉൾപ്പെടെയുള്ള പുരാണങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഇല്ലാതിരുന്ന കാലത്ത് മൂല്യ ബോധം പകർന്നത് ഈ പുരാണങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ഭഗവദ്ഗീതയ്ക്ക് പുറമെ ബൈബിൾ, ഖുറാൻ എന്നീ മതഗ്രന്ഥങ്ങളിലെ ഭാഗങ്ങളും വിദഗ്ധാഭിപ്രായ പ്രകാരം ധാർമ്മിക മൂല്യ പഠനത്തിൽ ഉൾപ്പെടുത്തുന്നതിനെ പറ്റി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
story highlight: Karnataka govt mulls introducing Bhagwat gita in state school