Top

ധൈര്യമുണ്ടെങ്കില്‍ അഫ്ഗാനില്‍ ബുര്‍ഖ ധരിക്കാതെ നടക്കൂയെന്ന് കങ്കണ; മറുപടിയുമായി ഷബാന അസ്മി

11 Feb 2022 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധൈര്യമുണ്ടെങ്കില്‍ അഫ്ഗാനില്‍ ബുര്‍ഖ ധരിക്കാതെ നടക്കൂയെന്ന് കങ്കണ; മറുപടിയുമായി ഷബാന അസ്മി
X

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നുംഅഫ്ഗാനിസ്താനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്നുമാണ് കങ്കണയുടെ പ്രതികരണം. ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് മുസ്‌ലിം സ്ത്രീകള്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോയുള്ള ട്വീറ്റ് പങ്ക് വെച്ച് കൊണ്ടാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതിനു മറുപടിയുമായി നടി ഷബാന ആസ്മി രംഗത്തെത്തി.

അഫ്ഗാനിസ്താന്‍ മതരാജ്യമാണ്. പക്ഷെ ഞാന്‍ അവസാനം നോക്കിയപ്പോള്‍ ഇന്ത്യ ഒരു മതേതര, ജനാധിപത്യ രാാജ്യമായിരുന്നു എന്നാണ് കങ്കണയുടെ സ്റ്റോറി പങ്കുവെച്ച് ഷബാന ആസ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഹിജാബ് വിവാദം തുടരുന്നു

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അനുമതിയില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടത്. അന്തിമ ഉത്തരവ് വരും വരെ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, ഹിജാബ് വിഷയത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകളും കോളജുകളും തുറക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹിജാബ് നിരോധിച്ച കര്‍ണാടക ഉത്തരവിനെതിരെ വിദ്യാര്‍ഥികളും വിവിധ സംഘടനകളും നല്‍കിയ ഹര്‍ജി പരിഗണിക്കല്‍ ഫെബ്രുവരി 14 ലേക്ക് മാറ്റി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് നിര്‍ദേശിച്ച ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാവി ഷാള്‍ പുതച്ച് വരരുത് എന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. സമാധാനം തകര്‍ക്കുന്ന ഒരു നീക്കങ്ങളും പാടില്ലെന്നും എത്രയും പെട്ടന്ന് ഹര്‍ജി തീര്‍പ്പാക്കാനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി.


Next Story