Top

നബി വിരുദ്ധ പരാമര്‍ശം; നൂപുര്‍ ശര്‍മയ്‌ക്കെതിരായ കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

നൂപുര്‍ ശര്‍മയ്ക്കുളള സുരക്ഷാഭീഷണി ഉള്‍പ്പടെ കണക്കിലെടുത്താണ് കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നത്

10 Aug 2022 4:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നബി വിരുദ്ധ പരാമര്‍ശം; നൂപുര്‍ ശര്‍മയ്‌ക്കെതിരായ കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്
X

ന്യൂഡല്‍ഹി: നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിര വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുളള കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. കേസുകളെല്ലാം ഒറ്റക്കേസായി പരിഗണിക്കും. നൂപുര്‍ ശര്‍മയ്ക്കുളള സുരക്ഷാഭീഷണി ഉള്‍പ്പടെ കണക്കിലെടുത്താണ് കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നത്. ജസ്റ്റിസ് സൂര്യ കാന്ത്,ജെ.ബി.പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നൂപുര്‍ ശര്‍മയ്‌ക്കെതിരായ കേസുകള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസന്വേഷണത്തിനായി ഡല്‍ഹി പൊലീസിലെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കേസ് റദ്ദാക്കാന്‍ നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്.

ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലുളള പ്രസ്താവന നടത്തിയത്. ഇതിനെതിരെ മുസ്ലിം സംഘടനകള്‍ രാജ്യ വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.

STORY HIGHLIGHTS: Prophet Muhammad row: all cases against Nupur Sharma transferred to Delhi

Next Story