Top

'ഭാരത് ജോഡോയെ എതിർക്കേണ്ടതില്ല, പ്രതിപക്ഷ ഐക്യത്തിൽ വിളളലുണ്ടാക്കാൻ കാരണമാകില്ല'; സിപിഐഎം പൊളിറ്റ്‌ ബ്യൂറോ

15 Sep 2022 6:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാരത് ജോഡോയെ എതിർക്കേണ്ടതില്ല, പ്രതിപക്ഷ ഐക്യത്തിൽ വിളളലുണ്ടാക്കാൻ കാരണമാകില്ല; സിപിഐഎം പൊളിറ്റ്‌ ബ്യൂറോ
X

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. പ്രതിപക്ഷ ഐക്യത്തിൽ വിളളലുണ്ടാക്കാൻ ഭാരത് ജോഡോ യാത്ര കാരണമാകില്ലെന്ന് പിബിയിൽ അഭിപ്രായം ഉയർന്നു. കേരളത്തിലെ കോൺഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താവും യാത്രയ്ക്കായി സംസ്ഥാനത്ത് കൂടുതൽ സമയം മാറ്റിവെച്ചത്. സമാന യാത്രകൾ പാർട്ടികൾ അവരവരുടെ ശക്തികേന്ദ്രങ്ങളിൽ നടത്താറുളളതാണ്. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടേണ്ടതുണ്ടെന്നും പി ബി വിലയിരുത്തി.

ഭാരത് ജോഡോ യാത്രയെ ചൊല്ലി സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ശക്തമായ വാക്‌പോര് നടന്നിരുന്നു. ബിജെപിയെ എതിർക്കാൻ യാത്ര നടത്തേണ്ടത് കേരളത്തിലല്ലെന്നും ഗുജറാത്ത്, ഗോവ പോലെയുളള ബിജെപി സംസ്ഥാനങ്ങളിൽ യാത്ര ഇല്ലായെന്നും നേതാക്കൾ വിമർശിച്ചു. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ പരമായി നടക്കുന്ന ഒരു യാത്രക്കും സിപിഐഎം എതിരല്ലെന്നും പാർട്ടിക്കെതിരെയോ സർക്കാരിനെതിരെയോ അന്യായമായ വിമർശനങ്ങൾ ഉയർത്തിയാൽ മറുപടി നൽകിയാൽ മതിയെന്നുമായിരുന്നു സിപിഐഎം നിലപാട്.

എന്നാൽ ഇന്ന് പാർട്ടിമുഖപത്രം ദേശാഭിമാനിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെഴുതിയ ലേഖനം യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തകർച്ചയുടെ നെല്ലിപ്പടിയിലായ കോൺഗ്രസിന് ഭാരത് ജോഡോ യാത്രകൊണ്ട് രക്ഷപെടാനാവില്ലെന്നാണ് വിമർശനം. യാത്ര കൊല്ലത്തെത്തുമ്പോഴേക്കും ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേക്കേറി. ഗോവയിലൂടെ യാത്ര പോകുന്നില്ലെന്നാണ് അറിയുന്നത്. കോൺഗ്രസിന് ഹിന്ദുത്വ രാഷ്ട്രീയത്തോട് അഴകൊഴമ്പൻ സമീപനമാണെന്നും ഗോവിന്ദൻ വിമർശിച്ചു.

ഭാരത് ജോഡോ യാത്രയെ കടന്നാക്രമിക്കുന്ന സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മോദിയേയും ഫാസിസത്തേയും വർഗീയതയേയും വിമർശിക്കുമ്പോൾ സിപിഐഎം നേതാക്കൾ എന്തിനാണ് അസ്വസ്ഥരാവുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോ സിപിഐഎമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. സിപിഐഎം നേതാക്കളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ജാഥയെ അഭിവാദ്യം ചെയ്യുന്നതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.എകെജി സെന്ററല്ല, കോൺഗ്രസ് പാർട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി.

STORY HIGHLIGHTS: CPIM PB says Not to be opposed bharat jodo yatra

Next Story