രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; മൂന്നാം തരംഗം ഫെബ്രുവരിയില്‍
മഹാരാഷ്ട്ര, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,434 പേര്‍ക്കാണ് മഹാരാഷ്ട്രിയില്‍ രോഗം സ്ഥിരീകരിച്ചത്
9 Jan 2022 2:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം വ്യപിക്കുമെന്നത് രോഗവ്യപനത്തിന്റെ വേഗത തീരുമാനിക്കുമെന്നാണ് മദ്രാസ് ഐഐടിയില്‍ നടത്തിയ പരിശോധനയില്‍ പറയുന്നത്. ഇത് ഫെബ്രുവരിയോടെ ഒരാളില്‍ നിന്നും ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രണ്ടാം തരംഗത്തിന്റെ രോഗ തീവ്രതയിലേക്ക് മൂന്നാം തരംഗം എത്തില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തെ വാക്‌സിനേഷന്‍ നടപടികള്‍ തന്നെയാണ് ഇതിന് സഹായകമാകുന്ന ഘടകവും. രാജ്യത്ത് കുതിച്ചുയരുന്ന ഒമിക്രോണ്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, മഹാരാഷ്ട്ര, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,434 പേര്‍ക്കാണ് മഹാരാഷ്ട്രിയില്‍ രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ടിപിആര്‍ 28 ശതമാനം കടന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചതര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 10,12 ക്ലാസുകള്‍ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിടാനും ഹോട്ടലുകള്‍ റസ്റ്ററന്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുകയെന്നും മഹാരാഷ്ട്ര അറിയിച്ചു.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും നിയന്ത്രണങ്ങള്‍ ബാധകമാകും. അതേസമയം കേരളം പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോകില്ലെന്നാണ് ആരോഗ്യ മന്ത്രി മാധ്യമങ്ങളെ അറിച്ചത്. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രാഥമിക കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കണ്ടുവയ്ക്കാന്‍ ഡിഎംഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സാമ്പത്തികം രംഗം മുന്നോട്ട് പോവേണ്ടതുണ്ടതുണ്ട്. സമ്പൂര്‍ണ അടച്ചിടല്‍ ഇതിന് തടസമാവും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലം നിലനില്‍ക്കുമ്പോഴും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ല. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്നു വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചത് എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.