'അങ്ങേയറ്റം ഹീനകരം, യഥാർത്ഥ വിവരം മറച്ചുവെച്ച് പോസ്റ്റ്'; ഫേസ്ബുക്ക് പേജിനെതിരെ പരാതി നൽകി മന്ത്രി

ചികിത്സയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഫേസ്ബുക്ക് പേജിനെതിരെയാണ് മന്ത്രിയുടെ പരാതി

dot image

തിരുവനന്തപുരം: യഥാര്‍ത്ഥ വിവരം മറച്ചുവെച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് പങ്കുവെച്ച ഫേസ്ബുക്ക് പേജിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. 'കലയന്താനി കാഴ്ചകള്‍' എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് മന്ത്രിയുടെ പരാതി. ഹൃദ്രോഗത്തെ തുടര്‍ന്ന് താന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നുവെന്നും എന്നാല്‍ ഇതിലെ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങള്‍ മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ ഫേസ്ബുക്ക് പ്രചരിച്ചു എന്നുമാണ് മന്ത്രി പറയുന്നത്.

പോസ്റ്റില്‍ പറയുന്ന വിവരങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പറയുന്നു. 2024 മെയ് 12ന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം അഡ്മിറ്റാകുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. തുടര്‍പരിശോധനയില്‍ ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തി. മെയ് 14ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയതു. പതിനേഴിന് ഡിസ്ചാര്‍ജായി. ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ അടച്ച തുകയുടെ റീ ഇംബേഴ്‌സ്‌മെന്റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ പ്രചാരണം യുഡിഎഫ്, സംഘ്പരിവാര്‍ അനുകൂല സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍ വഴിയും യൂട്യൂബ് ചാനലുകള്‍ വഴിയും നടത്തിക്കൊണ്ടിരിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍ജ് ചെയ്യുന്ന സാധാരണ തുകയാണ് തന്നില്‍ നിന്ന് ഈടാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അങ്ങേയറ്റം തെറ്റായതും ഹീനവുമായ ഒരു പ്രചാരണം എനിക്കെതിരെ നടത്തിയ 'കലയന്താനി കാഴ്ചകള്‍' എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരായി ധനകാര്യവകുപ്പ് മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഹൃദ്രോഗത്തെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഞാന്‍ ചികിത്സ തേടിയിരുന്നു. ഇതിലെ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി ഞാന്‍ വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പ്രസ്തുത പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്.

'അതിസമ്പന്നര്‍ പോലും കിടക്കാന്‍ ആഗ്രഹിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കേവലം ഒരു ദിവസം (24 മണിക്കൂര്‍) കിടന്നവകയില്‍ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ എഴുതി വാങ്ങിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അറുന്നൂറ്റി ഒന്ന് രൂപ (1,91,601/) ' എന്നാരംഭിക്കുന്ന പോസ്റ്റില്‍ പറയുന്ന വിവരങ്ങള്‍ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതുമാണ്.
2024 മെയ് 12നായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഡ്മിറ്റായത്. തുടര്‍പരിശോധനകളിലൂടെ ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയും മെയ് 14-ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയ്തിരുന്നു. പിന്നീട് മെയ് 17-ന് ഡിസ്ചാര്‍ജ്ജാകുകയും ചെയ്തു. എന്നാല്‍ ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കൊളേജില്‍ അടച്ച തുകയുടെ റീ ഇംബേഴ്‌സ്‌മെന്റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഈ പ്രചാരണം യുഡിഎഫ് സംഘപരിവാര്‍ അനുകൂല സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍ വഴിയും യൂട്യൂബ് ചാനലുകള്‍ വഴിയും നടത്തിക്കൊണ്ടിരിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍ജ്ജ് ചെയ്യുന്ന സാധാരണ തുക മാത്രമാണിത് .

മേയ് 12ന് അഡ്മിറ്റ് ആകുകയും 17ന് ഡിസ്ചാര്‍ജ് ആകുകയും ചെയ്തതിനെയാണ് വെറും 24 മണിക്കൂര്‍ ചികിത്സ എന്ന് പ്രചരിപ്പിക്കുന്നത്. ഒരു നിയമസഭാംഗം എന്ന നിലയില്‍ ഇതിന്റെ എത്രയോ ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാഹചര്യമുണ്ടായിട്ടും താരതമ്യേന ചെലവുകുറഞ്ഞ നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തെ ഉപയോഗപ്പെടുത്തിയതാണ് ഞാന്‍ ചെയ്ത കുറ്റമെന്നാണോ ഈ പ്രചാരണം നടത്തുന്നവര്‍ പറയുന്നത്? ഹൃദ്രോഗത്തിന് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്നും അതിനെ സര്‍ക്കാരിന്റെ ഭാഗമായ ഞാനടക്കമുള്ളവര്‍ വിശ്വസിച്ച് ആശ്രയിക്കുന്നുണ്ടെന്നുമുള്ള പോസിറ്റീവായ സംഗതിയല്ലേ അതില്‍ ചര്‍ച്ച ചെയ്യേണ്ടത്? ഒരുവര്‍ഷമായി പലരീതിയില്‍ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നുണപ്രചാരകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

Content Highlights- Minister K N Balagopal filed complaint against fb page they spread fake information about his treatment

dot image
To advertise here,contact us
dot image