പത്തനംതിട്ടയില്‍ ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍എസ്എസ് ശാഖ നടത്തിയതായി ഡിവൈഎഫ്‌ഐ പരാതി; പരിശോധിച്ച് പൊലീസ്

ഡിവൈഎഫ്‌ഐ പത്തനംതിട്ട നേതൃത്വം വിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു

dot image

പത്തംതിട്ട: പത്തനംതിട്ടയില്‍ ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍എസ്എസ് ശാഖ നടത്തിയതായി ഡിവൈഎഫ്‌ഐയുടെ പരാതി. കൊടുന്തറ സുബ്രഹ്‌മണ്യന്‍ സ്വാമി ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍എസ്എസ് ശാഖ നടത്തിയതായാണ് പരാതി. ഡിവൈഎഫ്‌ഐ പത്തനംതിട്ട നേതൃത്വം വിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് ക്ഷേത്രത്തിന് സമീപം പൊലീസിനെ വിന്യസിച്ചു. നിലവില്‍ ഇരു കൂട്ടരുമായും സംസാരിച്ചതായും പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആറന്മുള ഗ്രൂപ്പിന് കീഴിലുള്ളതാണ് കൊടുന്തറ സുബ്രഹ്‌മണ്യന്‍ സ്വാമി ക്ഷേത്രം.

ആര്‍എസ്എസ് ശാഖകള്‍ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് ശക്തമാക്കാന്‍ നേരത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിരുന്നു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതും മാസ് ഡ്രില്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ 2023ലായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Content Highlights- Dyfi complaint against pathanamthitta Kodumthara temple over rss sakha

dot image
To advertise here,contact us
dot image