ഖര്ഖജ്ജില് കോണ്‍ഗ്രസിന്റെ ലീഡ് ഉയരുന്നു
78 ശതമാനത്തോളം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്
16 April 2022 10:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റായ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലെ ഖര്ഖജ്ജ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ലീഡ് ഉയരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യശോദ വര്‍മ 25,000 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിയുടെ കോമള്‍ ജന്ഖല് 17,000 വോട്ടുകളുമായി പിന്നിലുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് എംഎല്‍എ ദേവവ്രത് സിംഗ് മരിച്ചതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 78 ശതമാനത്തോളം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. മൊത്തം 10 മത്സരാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.
ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാളിലെ ലോക്സഭാ മണ്ഡലമായ അസനോള്‍, നിയമസഭാ മണ്ഡലമായ ബലിഗഞ്ച്, ബിഹാറിലെ ബൊചഹാന്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത്, ഛത്തിസ്ഖഢിലെ ഖര്ഖജ്ജ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
നിലവില്‍ ബിഹാറിലെ ബൊചഹാനില് നിലവില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ പസ്വാന് 62,000 വോട്ടുകള്‍ക്ക് മുന്നിലാണ്. 35,000 വോട്ടുകളുമായി ബിജെപി സ്ഥാനാര്‍ത്ഥി ബേബി കുമാരിയാണ് രണ്ടാം സ്ഥാനത്തുള്ളത്. വികാഷീല്‍ ഇന്സാന് പാര്‍ട്ടിയുടെ ഡോ. ഗീത കുമാരി മൂന്നാം സ്ഥാനത്താണ്. വികാഷീല്‍ ഇന്സാന് പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. മുസഫിര്‍ പസ്വാന് എംഎല്‍എയുടെ മരണത്തോടെയാണ് മുസഫര്‍പൂരിലെ ബൊചഹനില് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Story highlights: Congress leading in the Khairagarh Assembly seat in Chhattisgarh