Top

ഗാസിയാബാദ് മാർക്കറ്റിൽ ബോംബ് കണ്ടെത്തി; നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധം?

മാർക്കറ്റിൽ ബോംബ് കണ്ടെത്തിയ സംഭവത്തിന് യുപി നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു

14 Jan 2022 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാസിയാബാദ് മാർക്കറ്റിൽ ബോംബ് കണ്ടെത്തി; നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധം?
X

ന്യൂഡൽ​ഹി: കിഴക്കൻ ഡെൽഹിയിലെ ഗാസിയാബാദിലെ പൂക്കൾ വില്ക്കുന്ന മാർക്കറ്റിൽ ബാഗിലൊളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തി. ദേശീയ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ബോംബ് നിയന്ത്രിതമായ സ്‌ഫോടനത്തിന് വിധേയമാക്കുകയും ചെയ്തു. ബോംബ് കൃത്യസമയത്ത് തിരിച്ചറിഞ്ഞതിനാൽ വൻ ആക്രമണമാണ് ചെറുക്കാനായത്.

ഇന്ന് ഉച്ചയോടെയാണ് ഗാസിയാബാദിലെ തിരക്കുപിടിച്ച പൂ മാർക്കറ്റിൽ ബാഗിലൊളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തുന്നത്. ബോംബ് സ്ഥാപിച്ച വിവരം പുറത്തുവന്നതോടെ ഡെൽഹി പൊലീസിന്റെ പ്രത്യേക സെല്ലിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാർക്കറ്റിലേക്കുള്ള വഴികളെല്ലാം അടച്ചുപൂട്ടിയിരുന്നു. ഉത്തർപ്രദേശ്-ഡെൽഹി അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗാസിയാബാദ് പൂമാർക്കറ്റിൽ എട്ട് അടിയോളം ആഴമുള്ള കുഴി എടുത്താണ് ബോംബ് നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കിയത്.

ഇന്നു രാവിലെ ഒൻപതരോടെയാണ് ഗാസിയബാദ് മാർക്കറ്റുകളിലൊന്നിൽ പൂവാങ്ങാനെത്തിയ ഒരാൾ പൂക്കടക്ക് മുന്നിൽ ബാഗ് ഉപേക്ഷിച്ചുപോയതായി ചിലരുടെ ശ്രദ്ധയിൽപ്പെടുന്നത്. മാർക്കറ്റിൽ പൂക്കൾ വാങ്ങാനെത്തിയ രണ്ടുപേരാണ് ബാഗ് കണ്ടെത്തി കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പൂക്കടയുടെ ഉടമ പൊലീസിൽ ഇതു സംബന്ധിച്ച് വിവരമറിയിക്കുകയായിരുന്നു. മാർക്കറ്റിൽ ബോംബ് കണ്ടെത്തിയ സംഭവത്തിന് യുപി നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.


Next Story

Popular Stories