Top

'ഭഗവദ് ഗീത മാത്രമല്ല ധര്‍മ്മവും സംസ്‌കാരവും പഠിപ്പിക്കുന്നത്'; എല്ലാ മതഗ്രന്ഥങ്ങളും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

19 March 2022 11:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭഗവദ് ഗീത മാത്രമല്ല ധര്‍മ്മവും സംസ്‌കാരവും പഠിപ്പിക്കുന്നത്; എല്ലാ മതഗ്രന്ഥങ്ങളും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്
X

ബംഗളൂരു: ഗുജറാത്തില്‍ 2022-23 അധ്യയന വര്‍ഷം മുതല്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ സ്‌കൂള്‍ സിലബസില്‍ ഭഗവദ് ഗീത ഭാഗമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ബിജെപിയുടെ ഗൂഢതാല്‍പര്യമുണ്ടെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് കെ റഹ്മാന്‍ ഖാന്‍. വിദഗ്ധര്‍ അംഗീകരിച്ചാല്‍ കര്‍ണാടകവും ഇതേ വഴിക്ക് ആലോചിക്കുമെന്ന വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു റഹ്മാന്‍ ഖാന്‍.

'എല്ലാ മതഗ്രന്ഥങ്ങളും ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഗീത മാത്രമാണ് ധര്‍മ്മത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പഠിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. ബിജെപിക്ക് ഗൂഢതാല്‍പര്യമുണ്ട്. സിലബസുകളില്‍ ഹിന്ദുത്വ ആശയങ്ങള്‍ കൊണ്ടുവരാനുള്ള മറയാണ് പുതിയ വിദ്യാഭ്യാസ നയം, അത്രേയുള്ളൂ', റഹ്മാന്‍ ഖാന്‍ പറഞ്ഞു.

ഗുജറാത്തിന്റെ വഴിയേ കര്‍ണാടകത്തിലും ഭഗവദ് ഗീത സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഒരു മത ഗ്രന്ഥം ഉള്‍പ്പെടുത്തുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ ഇന്ത്യ ഒരു വിവിധ മതങ്ങളുള്‍പ്പെട്ട ബഹുസ്വരതയുള്ള ഒരു രാജ്യമാണെന്നും റഹ്മാന്‍ ഖാന്‍ പറഞ്ഞു.

ഗുജറാത്തില്‍ മൂന്ന് മുതല്‍ നാല് ഘട്ടങ്ങളിലായി സദാചാര മൂല്യം അവതരിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ ഭഗവദ് ഗീത അവതരിപ്പിക്കാനാണ് അവരുടെ തീരുമാനം. അതാണ് ഇന്നെന്റെ ശ്രദ്ധയില്‍ പെട്ടത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ, ബിസി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളില്‍ ധാര്‍മ്മിക ബോധം വളര്‍ത്താനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നിരവധി പേര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് മന്ത്രി ബി.സി നാഗേഷ് പറഞ്ഞത്.

മഹാത്മാ ഗാന്ധിയുള്‍പ്പെടെയുള്ളവരെ രാമായണം, ഭഗവദ്ഗീത ഉള്‍പ്പെടെയുള്ള പുരാണങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഇല്ലാതിരുന്ന കാലത്ത് മൂല്യ ബോധം പകര്‍ന്നത് ഈ പുരാണങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ഭഗവദ് ഗീതയ്ക്ക് പുറമെ ബൈബിള്‍, ഖുറാന്‍ എന്നീ മതഗ്രന്ഥങ്ങളിലെ ഭാഗങ്ങളും വിദഗ്ധാഭിപ്രായ പ്രകാരം ധാര്‍മ്മിക മൂല്യ പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ പറ്റി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story