Top

ജമ്മുകശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് എ കെ 56 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സൈന്യം കണ്ടെടുത്തു

30 Jan 2022 5:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജമ്മുകശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
X

ജമ്മുകശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ ലഷ്‌ക്കര്‍ ഇത്വയ്ബ കമ്മാന്‍ഡര്‍ സാഹിദ് വാനിയുള്‍പ്പടെ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌ക്കര്‍ ഇ ത്വയ്ബ എന്നീ സംഘടനകളില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. പുല്‍വാമ, ബുദ്ഗാം ജില്ലകളില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ലഷ്‌ക്കര്‍ ഇ ത്വയ്ബ കമ്മാന്‍ഡര്‍ സഹീദ് വാനിയും ഒരു പാക് ഭീകരനും ഉള്‍പ്പെടുമെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയകുമാര്‍ അറിയിച്ചു.

പുല്‍വാമയിലെ നെയ്‌റ മേഖലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. നെയ്‌റ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരരും സൈന്യവും തമ്മില്‍ കടുത്ത ഏറ്റമുട്ടലുണ്ടായത്.നെയ്‌റയിലെ ഏറ്റുമുട്ടലിലാണ് നാലു ഭീകരരും കൊല്ലപ്പെട്ടത്. അതേസമയം ചരാര്‍ഇ ഷെറീഫില്‍ നടന്ന സൈനിക നീക്കത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് എ കെ 56 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സൈന്യം കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ കൊല്ലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ്‌സൈന്യം ഭീകരര്‍ക്കെതിരെ തിരച്ചില്‍ ശക്തമാക്കിയത്.

Next Story