അമരാവതി: ആന്ധ്രപ്രദേശ് എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില് നിന്ന് ഒളിക്യാമറ കണ്ടെത്തി. സംഭവത്തില് ആണ്കുട്ടികളുടെ ഹോസ്റ്റലില് നിന്ന് ബിടെക് അവസാന വര്ഷ വിദ്യാര്ത്ഥിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് കുമാറിന്റെ ലാപ്ടോപും പൊലീസ് കണ്ടുകെട്ടി.
ക്യാമറയിലൂടെ റെക്കോര്ഡ് ചെയ്ത വിദ്യാര്ത്ഥികളുടെ വീഡിയോകള് പണം വാങ്ങി കൈമാറ്റം ചെയ്തതായി ഉദ്യോഗസ്ഥര് പറഞ്ഞു. കൃഷ്ണന് ജില്ലയിലെ എസ്ആര് ഗുഡ്ലവല്ലെരു എഞ്ചിനീയര് കോളേജിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ശുചിമുറിയില് നിന്ന് വിദ്യാര്ത്ഥിനികള്ക്ക് ഒളിക്യാമറ ലഭിക്കുന്നത്. സംഭവത്തില് ഇന്നലെ രാത്രി എഴ് മണിക്ക് ക്യാമ്പസില് തുടങ്ങിയ പ്രതിഷേധം ഇന്ന് രാവിലെ വരെ തുടര്ന്നു. ശുചിമുറി ഉപയോഗിക്കുന്നതിലുള്ള ആശങ്കയും ഭയവും പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധം.
ശുചിമുറിയില് നിന്നുമുള്ള ഏകദേശം 300 ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഈ വീഡിയോകള് വിജയിയില് നിന്ന് ചില വിദ്യാര്ത്ഥികള് വാങ്ങിയിട്ടുമുണ്ട്. ക്യാമറ സ്ഥാപിച്ചതിന് പിന്നിലും വീഡിയോകള് വിതരണം ചെയ്യുന്നതിന് പിന്നിലും കൂടുതല് പേരുണ്ടോയെന്നുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ ആന്ധ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാൻ മന്ത്രി നാരാ ലോകേഷ് നിർദേശം നൽകി.
ഈ മാസം ആദ്യം ബെംഗളൂരുവിലെ പ്രശസ്തമായ കോഫീ ഷോപ്പില് നിന്ന് സ്ത്രീകളുടെ ശുചിമുറിയില് ഒളിപ്പിച്ച് വെച്ച മൊബൈല് ഫോണ് കണ്ടെത്തിയിരുന്നു. മൊബൈല് ഉപയോഗിച്ച് നിരന്തരമായി വീഡിയോകള് റെക്കോര്ഡ് ചെയ്യുന്ന സംഭവം ഒരു കണ്ടന്റ് ക്രിയേറ്ററായിരുന്നു വെളിച്ചത്ത് കൊണ്ടുവന്നത്.