കൊല്ക്കത്ത: കൊല്ക്കത്തയിലെ യുവഡോക്ടര് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്ന്നുള്ള പ്രതിഷേധങ്ങളില് പങ്കെടുത്ത് മുന് ക്രിക്കറ്റ് ക്യാപ്റ്റന് സൗരവ് ഗാംഗുലി. ഭാര്യ ഡോണ ഗാംഗുലിക്കും മകള് സന ഗാംഗുലിക്കുമൊപ്പമാണ് താരം പ്രതിഷേധക്കാര്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് ഗാംഗുലി രംഗത്തെത്തിയത്. പെണ്കുട്ടി കൊല്ലപ്പെട്ട കൊല്ക്കത്തയിലെ ആര്ജി കര് മെഡിക്കല് കോളേജ് ആശുപത്രിയില് മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം.
കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന പശ്ചിമ ബംഗാള് സര്ക്കാരിനെതിരെ സന ഗാംഗുലി രോഷം പ്രകടമാക്കുകയും ചെയ്തു. 'ഞങ്ങള്ക്ക് നീതി വേണം. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ഓരോ ദിവസവും ഓരോ പീഡനവാര്ത്തയാണ് കേള്ക്കുന്നത്. 2024ലും ഇത് സംഭവിക്കുന്നുണ്ടെന്നത് വളരെ മോശമായ കാര്യമാണ്. ഇത് നിര്ത്തണം', സന ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
'ബലാത്സംഗത്തിനെതിരെ ഞങ്ങള് പ്രതിഷേധിക്കുകയാണ്. സുരക്ഷിതമായ സമൂഹമാണ് ഞങ്ങള്ക്ക് ആവശ്യം. ബലാത്സംഗവും പീഡനവുമെല്ലാം അവസാനിപ്പിക്കേണ്ടതുണ്ട്', ഗാംഗുലിയുടെ ഭാര്യ ഡോണ പ്രതികരിച്ചു.
നേരത്തെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ എക്സിലെ പ്രൊഫൈൽ പിക്ചർ സൗരവ് ഗാംഗുലി കറുത്ത നിറത്തിലാക്കിയിരുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.