ഫരീദാബാദ് കൂട്ടബലാത്സംഗം: അതിജീവിതയുടെ ഒരു കണ്‍തടം തകര്‍ന്നു, തോളെല്ലിനും തലയ്ക്കും ഗുരുതര പരിക്കുകള്‍

യുവതി വാനില്‍ നിന്ന് സഹായത്തിനായി നിലവിളിച്ചെങ്കിലും പുറത്തെ കനത്ത മൂടല്‍മഞ്ഞും ട്രാഫിക്കും മൂലം ശബ്ദം പുറത്തുകേട്ടില്ല

ഫരീദാബാദ് കൂട്ടബലാത്സംഗം: അതിജീവിതയുടെ ഒരു കണ്‍തടം തകര്‍ന്നു, തോളെല്ലിനും തലയ്ക്കും ഗുരുതര പരിക്കുകള്‍
dot image

ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗുരുതര പരിക്കുകളാണുളളതെന്ന് ഡോക്ടര്‍മാര്‍. ഒരു കണ്‍തടം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചെന്നും തലയ്ക്കും മുഖത്തും സാരമായ പരിക്കുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പീഡനം എതിര്‍ത്തപ്പോള്‍ പ്രതികള്‍ യുവതിയെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. 'അതിജീവിത പീഡനശ്രമം ചെറുത്തപ്പോഴാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞപ്പോള്‍ തോളെല്ലിന് പരിക്കേറ്റു. അവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്' ; ഫരീദാബാദ് പൊലീസ് പിആര്‍ഒ യശ്പാല്‍ യാദവ് പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഫരീദാബാദില്‍ ഇരുപത്തിയെട്ടുകാരിയായ യുവതി ഓടുന്ന വാനില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. മൂന്ന് മക്കളുടെ അമ്മയായ അതിജീവിത സ്വന്തം മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങാന്‍ വൈകിയ യുവതി മെട്രോ ചൗക്കില്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു. ഏറെ നേരം കാത്തുനിന്നിട്ടും ഒരു വാഹനം പോലും കാണാതിരുന്ന യുവതിയെ ആ സമയം അവിടെയെത്തിയ സംഘം വാനില്‍ കയറ്റുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ പ്രതികള്‍ യുവതിയെ ക്രൂരമായി ആക്രമിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ നഗറിലെ രാജാ ചൗക്കിന് സമീപം വാനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.

യുവതി വാനില്‍ നിന്ന് സഹായത്തിനായി നിലവിളിച്ചെങ്കിലും പുറത്തെ കനത്ത മൂടല്‍മഞ്ഞും ട്രാഫിക്കും മൂലം ശബ്ദം പുറത്തുകേട്ടില്ല. വാനില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞ യുവതി സഹോദരിയെ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് സഹോദരി എത്തി അതിജീവിതയെ ബാദ്ഷാ ഖാന്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഇരുപത്തിയഞ്ചും മുപ്പതും വയസ് പ്രായമുളള രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ലഹരിയുള്‍പ്പെടെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി രക്തം ശേഖരിച്ചിട്ടുണ്ട്. അതിജീവിത ആശുപത്രി വിട്ടാലുടന്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. അതിജീവിതയുടെ സഹോദരിയുടെ പരാതിയില്‍ കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.

Content Highlights: Faridabad gang rape; Survivor suffers broken eye socket, serious injuries to shoulder and head

dot image
To advertise here,contact us
dot image