
ന്യൂഡല്ഹി: മുണ്ടക്കൈയിലുണ്ടായത് വലിയ ദുരന്തമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. സൈന്യം മികച്ച പ്രവര്ത്തനമാണ് സംഭവസ്ഥലത്ത് കാഴ്ചവെക്കുന്നത്. സര്ക്കാരിനോട് വയനാടിനെ സഹായിക്കാന് ആവശ്യപ്പെടുന്നു. രണ്ടാം തവണയാണ് അപകടം ഉണ്ടാകുന്നത്. അത്യാധുനിക സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലാണ് രാഹുല് ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തില് കെ സി വേണുഗോപാല് ശ്രദ്ധ ക്ഷണിക്കല് നോട്ടീസ് നല്കിയതില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്ച്ചയില് ബഹളമുണ്ടായതിനെ തുടര്ന്ന് ലോക്സഭ നിര്ത്തിവെച്ചിരിക്കുകയാണ്.
രാഹുല് ഗാന്ധിയും എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്ശിക്കും. ചൊവ്വാഴ്ച ഇരുവരും വരാനിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് അനുമതി കിട്ടിയിരുന്നില്ല. തുടര്ന്നാണ് സന്ദര്ശനം നാളത്തേക്ക് മാറ്റിയത്.
ദുരന്തം ഉണ്ടായതിനെ തുടര്ന്ന് വിഷയം ലോക്സഭയില് രാഹുല് ഗാന്ധി ഉന്നയിച്ചിരുന്നു. നിരവധിയാളുകള് മരിച്ചു. മുണ്ടക്കൈ ഗ്രാമം ഒലിച്ചു പോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന് കൂടുതല് ഇടപെടല് നടത്തണമെന്നും രാഹുല് ഗാന്ധി ആവശ്യപ്പെട്ടു.
കേന്ദ്ര സര്ക്കാര് സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നല്കണം. ചികിത്സാ സൗകര്യങ്ങള് ഒരുക്കണം. മരിച്ചവരുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം വര്ദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. സര്ക്കാര് പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ധതിയുണ്ടാക്കണമെന്നും ഗതാഗത സൗകര്യങ്ങള് പുനഃസ്ഥാപിക്കാന് അടിയന്തിരമായി ഇടപെടണമെന്നും രാഹുല് ഗാന്ധി ആവശ്യപ്പെട്ടിരുന്നു.