തെലങ്കാനയിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ പല്ലി; 35 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

അണുബാധയുടെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു
തെലങ്കാനയിലെ ഹോസ്റ്റൽ  ഭക്ഷണത്തിൽ പല്ലി; 35 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ഹൈദരാബാദ്: തെലങ്കാനയിലെ മേഡക് ജില്ലയിലെ സർക്കാർ ഹോസ്റ്റലിൽ നൽകിയ പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടതായി വിദ്യാർത്ഥികൾ. ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമയംപേട്ട ടിജി മോഡൽ സ്‌കൂളിലാണ് സംഭവം. പാചകക്കാരനും സഹായിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) പറഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പല്ലി വീണതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അണുബാധയുടെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു.

വിദ്യാർഥികൾക്ക് വിളമ്പിയ ഉപ്പുമാവിലാണ് പല്ലിയെ കണ്ടത്. സ്‌കൂൾ അധികൃതർ ഉടൻ തന്നെ വൈദ്യസഹായം നൽകുകയും വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിഷയത്തില്‍ രക്ഷിതാക്കള്‍ തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും സ്‌കൂൾ അടുക്കളകളിൽ കർശനമായ ശുചിത്വ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്മെൻ്റ് ഉറപ്പുനൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com