'നെഹ്‌റുവും ഗാന്ധിയും ക്രിസ്തുവിനെയും ബുദ്ധനെയും പോലെ, അവരുള്ളത് ഇന്ത്യക്കാരുടെ ബോധ്യങ്ങളിൽ'; പി ചിദംബരം

ഒരു സർക്കാരിനും ഇരുവരെയും മായ്ചുകളയാൻ സാധിക്കില്ലെന്നും ചിദംബരം പറഞ്ഞു

'നെഹ്‌റുവും ഗാന്ധിയും ക്രിസ്തുവിനെയും ബുദ്ധനെയും പോലെ, അവരുള്ളത് ഇന്ത്യക്കാരുടെ ബോധ്യങ്ങളിൽ'; പി ചിദംബരം
dot image

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മഗാന്ധിയെ വെട്ടിയ നടപടിയിൽ വിമർശനവുമായി കോൺഗ്രസ് മുതിർന്ന നേതാവ് പി ചിദംബരം. മഹാത്മാവിനെ വീണ്ടും വധിച്ച പോലെയാണ് പേരുമാറ്റം എന്നും നെഹ്‌റുവും ഗാന്ധിയും ബുദ്ധനെയും ക്രിസ്തുവിനെയും പോലെയാണെന്നും ചിദംബരം പറഞ്ഞു. അവർ ജീവിക്കുന്നത് ഇന്ത്യക്കാരുടെ ബോധ്യങ്ങളിൽ ആണെന്നും ചിദംബരം കൂട്ടിച്ചേർത്തു.

ഒരു സർക്കാരിനും ഇരുവരെയും മായ്ചുകളയാൻ സാധിക്കില്ലെന്നും ചിദംബരം പറഞ്ഞു. കോൺഗ്രസ് വീടുവീടാന്തരം, ഗ്രാമഗ്രാമാന്തരം പുതിയ നിയമത്തിനെതിരെ പ്രചാരണം നടത്തും. പഴയ നിയമത്തിൽ സർക്കാർ ജോലി നൽകാൻ ബാധ്യസ്ഥരായിരുന്നു. എന്നാൽ ഇപ്പോൾ ജോലി ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്കത് ലഭിക്കൂ. ഇത് കൂടാതെ പുതിയ പേര് ആകെ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമത്തിലെ ഫണ്ട് വിഭജനത്തെയും ചിദംബരം ചോദ്യം ചെയ്തു. പുതിയ നിയമം സംസ്ഥാനങ്ങൾക്ക് അധികബാധ്യത സൃഷ്ടിക്കുമെന്ന് പറഞ്ഞ ചിദംബരം സംസ്ഥാനങ്ങൾക്ക് ഫണ്ടുകൾ ഇല്ലെങ്കിൽ പദ്ധതി നടപ്പാകില്ലാത്ത അവസ്ഥയുണ്ടാകും എന്നും ഓർമപ്പെടുത്തി. പിന്നാലെ കഴിഞ്ഞ വർഷങ്ങളിൽ പദ്ധതിക്ക് വേണ്ടി കേന്ദ്രസർക്കാർ ചിലവഴിച്ച തുകയിലെ കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബർ 21നാണ് തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷൻ ബിൽ നിയമമായത്. പാർലമെന്റ് പാസാക്കിയതിന് മൂന്ന് ദിവസത്തിനുള്ളിലാണ് ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ രാജ്യസഭയിലും ലോക്‌സഭയിലും പാസാക്കിയത്.

മഹാത്മാഗാന്ധി ഗ്രാമീണ ദേശിയ തൊഴിലുറപ്പ് പദ്ധതി എന്ന പേര് പൂർണമായും മാറ്റി വിബിജി റാം ജി എന്നാക്കി മാറ്റുന്നതാണ് പുതിയ നിയമം. ഗ്രാമീണ ജനതയുടെ സ്വയംപര്യാപ്തതയ്ക്കും ആത്മവിശ്വാസത്തിനുമായി രാഷ്ട്രപിതാവായ ഗാന്ധി കണ്ട സ്വപ്‌നങ്ങൾകൂടിയാണ് പദ്ധതിയുടെ മാറ്റത്തിലൂടെ ഇല്ലാതാകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തൊഴിൽ ദിനം 100ൽ നിന്ന് 125 ആക്കി ഉയർത്തുന്നതാണ് പുതിയ നിയമം. എന്നാൽ ഇത്രയും ദിനങ്ങളിൽ തൊഴിൽ ഉറപ്പാക്കാനാകുമോ എന്നതും വേതനത്തിൽ കാലാടിസ്ഥാനത്തിലുള്ള വർധന ഇല്ല എന്നതും വിമർശനമായി ഉയരുന്നുണ്ട്. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പുജോലി പാടില്ലെന്ന നിബന്ധന തൊഴിൽദിനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് നിയമത്തിലെ മറ്റൊരു ആശങ്ക.

പദ്ധതിയെ പൂർണമായും കേന്ദ്രത്തിന് കീഴിലാക്കുമ്പോൾ തന്നെ വേതനത്തിലെ കേന്ദ്ര- സംസ്ഥാന അനുപാതവും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും 60: 40 അനുപാതത്തിൽ ചെലവ് വഹിക്കണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ഇത് പദ്ധതിയുടെ നടപ്പുരീതികളെ തകിടം മറിക്കുന്നതും സംസ്ഥാനങ്ങൾക്ക്‌മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമാണ്. എംജിഎൻആർഇജിഎ പ്രകാരം 75 ശതമാനം കേന്ദ്രമാണ് നൽകിയിരുന്നത്. കേന്ദ്രം ഉപാധികളോടെ സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുമ്പോൾ അതിലേറെ ചിലവുണ്ടായാൽ അത് പൂർണമായും സംസ്ഥാനം വഹിക്കേണ്ടിവരും. ജോലി പൂർത്തിയായി 15 ദിവസത്തിനുളളിൽ വേതനം നൽകണമെന്നാണ് ബില്ലിനെ നിർദേശം. സമയപരിധിക്കുളളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്. വേതനം വൈകിയാൽ നഷ്ടപരിഹാരത്തിനും തൊഴിൽ ഇല്ലെങ്കിൽ അലവൻസിനുമുള്ള ചെലവ് പൂർണമായും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്.

Content Highlights: chidambaram says nehru and gandhi like jesus and buddha

dot image
To advertise here,contact us
dot image