മധ്യപ്രദേശിൽ തിരിച്ചുവരാന്കോൺഗ്രസ്; മൂന്ന് ദിവസത്തെ യോഗം വിളിച്ച് എഐസിസി

മധ്യപ്രദേശിൽ ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പരാജയമാണ് കോൺഗ്രസ് നേരിട്ടത്

dot image

ഭോപ്പാൽ: 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ശേഷം നടന്ന 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മധ്യപ്രദേശിൽ പാർട്ടി നേരിട്ട പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ പാർട്ടിയെ പുനഃനിർമിക്കാൻ കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട പ്രധാന യോഗം ശനിയാഴ്ച്ച സംസ്ഥാന ആസ്ഥാനത്ത് ചേർന്നു. മധ്യപ്രദേശ് ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര ഭൻവർ സിംഗിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്.

സംസ്ഥാനത്തെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിപ്പിച്ച എല്ലാ സ്ഥാനാർത്ഥികളുമായും വ്യക്തിപരമായി ചർച്ച നടത്തിയതായും തോൽവിയുടെ കാരണങ്ങളെക്കുറിച്ച് അഭിപ്രായം തേടിയതായും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. എംപി സിപി മിത്തൽ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പാർട്ടിയുടെ നിയമസഭാ, ലോക്സഭാ സ്ഥാനാർത്ഥികളുമായും സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കളുമായും ദേശീയ നേതാക്കൾ സംസാരിക്കും. മൂന്ന് ദിവസത്തെ യോഗമാണ് സംസ്ഥാന ആസ്ഥാനത്ത് നടക്കുന്നത്.

അതാത് മണ്ഡലങ്ങളിലെ പാർട്ടിയുടെ അവസ്ഥ, തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിവിധ വിഭാഗങ്ങൾ വഹിച്ച പങ്ക്, യുവാക്കളുടെയും വനിതാപ്രവർത്തകരുടെയും പ്രവർത്തനം തുടങ്ങിയവയും വിലയിരുത്തും. സംസ്ഥാനത്തെ മറ്റ് പ്രധാന പാർട്ടികളായ ബിജെപി, സമാജ്വാദി പാർട്ടി , ബഹുജൻ സമാജ് പാർട്ടി, ആം ആദ്മി പാർട്ടി എന്നിവരുടെ പ്രവർത്തനവും സംഘടനാ രീതിയും വിലയിരുത്തുമെന്നും വൃത്തങ്ങൾ പറഞ്ഞു

മധ്യപ്രദേശിൽ ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പരാജയമാണ് കോൺഗ്രസ് നേരിട്ടത്. 29 സീറ്റുകളുള്ള സംസ്ഥാനത്ത് മുഴുവൻ സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 230ൽ 66 സീറ്റുകൾ മാത്രം നേടി പാർട്ടി കനത്ത തിരിച്ചടി നേരിട്ടിരുന്നു

dot image
To advertise here,contact us
dot image