തലയും താടിയും നരപ്പിച്ചു, വൃദ്ധവേഷത്തിൽ അമേരിക്കയിലേക്ക് കടക്കാൻ ശ്രമം, 24കാരന് ശബ്ദം പണിയായി

സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് 67 കാരൻ യഥാർത്ഥത്തിൽ 24 കാരനാണെന്ന് തിരിച്ചറിയുന്നത്

തലയും താടിയും നരപ്പിച്ചു,  വൃദ്ധവേഷത്തിൽ അമേരിക്കയിലേക്ക് കടക്കാൻ ശ്രമം, 24കാരന് ശബ്ദം പണിയായി
dot image

ഡൽഹി: രാജ്യം വിട്ട് അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിച്ച് 67 കാരനായി വേഷം മാറിയ 24 കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിൽ നിന്നുള്ള യുവാവാണ് വേഷം മാറിയെത്തി ഒടുവിൽ പിടിയിലായത്. ഡൽഹി വിമാനത്താവളം ടെർമിനൽ 3ൽ വച്ചാണ് ഇയാൾ പിടിയിലായത്. ദമ്പതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് 67 കാരൻ യഥാർത്ഥത്തിൽ 24കാരനാണെന്ന് തിരിച്ചറിയുന്നത്.

വ്യാജ രേഖകളുമായാണ് ഗുരു സെവാക് സിങ് എന്നയാൾ ഭാര്യയുമൊത്ത് വിമാനത്താവളത്തിലെത്തിയത്. രേഖകളിൽ ഇയാൾക്ക് 67 വയസ്സാണ്. എന്നാൽ കണ്ടാൽ യുവാവിനെപ്പോലെ തോന്നിപ്പിക്കുന്ന ഇയാളുടെ ശബ്ദത്തിനെയും പ്രായം ബാധിച്ചില്ലെന്ന് കണ്ട് സംശയം തോന്നിയാണ് ഉദ്യോഗസ്ഥർ കൂടുതലായി പരിശോധിക്കുന്നത്. രഷ്വീന്ദര് സിങ് സഹോദ എന്നയാളുടെ പേരിൽ തയ്യാറാക്കിയ വ്യാജ പാസ്പോർട്ടിൽ 1957 ഫെബ്രുവരി രണ്ടാണ് ജനനതീയതി. എയർ കാനഡ വിമാനത്തിൽ യാത്രയ്ക്കൊരുങ്ങിയാണ് ഇവർ വിമാനത്താവളത്തിലെത്തിയത്.

തലമുടിയും താടിയും നരപ്പിച്ചാണ് ഇയാൾ 67 കാരനായി അവതരിച്ചത്. പരിശോധനയിൽ ഗുരു സെവാകിന്റെ ഫോണിൽ നിന്ന് മറ്റൊരു പാസ്പോർട്ടിന്റെ സോഫ്റ്റ് കോപ്പി കണ്ടെത്തി. 2000 ജൂൺ 10 ജനനതീയതിയായുള്ള പാസ്പോർട്ടാണ് ഫോണിൽ നിന്ന് ലഭിച്ചത്. ഇതിൽ നിന്നാണ് ഗുരു സെവാകിന്റെ യഥാർത്ഥ വിവരം ലഭിച്ചത്. ഇതോടെ ഗുരു സെവാക് തന്റെ യഥാർത്ഥ പേരും വയസ്സും മറ്റ് വിവരങ്ങളും വെളിപ്പെടുത്തി.

ജഗ്ഗി എന്ന് പേരുള്ള ട്രാവൽ ഏജന്റിന്റെയും സഹായത്തോടെയാണ് ഇരുവരും നാട് വിടാൻ ഇത്തരമൊരു വേഷം കെട്ടിയത്. അമേരിക്കയിലേക്ക് കടക്കാനുള്ള ആഗ്രഹത്തിൽ 60 ലക്ഷം രൂപ ജഗ്ഗിക്ക് നൽകാമെന്ന് ഇയാൾ സമ്മതിച്ചു. കാനഡയിലേക്ക് പറന്ന ശേഷം അവിടെ നിന്ന് അമേരിക്ക അതായിരുന്നു ജഗ്ഗിയുടെ പദ്ധതി. അനധികൃത കുടിയേറ്റക്കാർ കടക്കാൻ ശ്രമിക്കുന്ന അനധികൃത പാതയിലൂടെ ഇവരെ കാനഡയിൽ നിന്ന് അമേരിക്കയിലെത്തിക്കാനായിരുന്നു ശ്രമം. ഗുരു സെവാഗ് ജഗ്ഗിക്ക് ഇതിനോടകം 30 ലക്ഷം കൊടുത്തു. ഇതോടെ ഇയാൾക്കും ഭാര്യയ്ക്കും വ്യാജ പാസ്പോർട്ട് തയ്യാറാക്കി കൊടുക്കുകയുമായിരുന്നു.

dot image
To advertise here,contact us
dot image