മോദി 3.0 യിലെ നാരീശക്തി; കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർ

നിർമ്മലാ സീതാരാമനും അന്നപൂർണാ ദേവിയും ക്യാബിനറ്റ് പ​ദവിയുള്ള മന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്.
മോദി 3.0 യിലെ നാരീശക്തി; കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഭരണചക്രം തിരിക്കാൻ കരുത്തരായ ഏഴ് സ്ത്രീകളും. നാരീശക്തിക്ക് പ്രാധാന്യം നൽകി ഏഴ് വനിതാ മന്ത്രിമാരെയാണ് 72 അം​ഗ കേന്ദ്രമന്ത്രിസഭയിൽ ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ധനകാര്യമന്ത്രിയും രാജ്യസഭാ അം​ഗവുമായ നിർമ്മലാ സീതാരാമൻ ആണ് ഇതിൽ പ്രധാനി. നിർമ്മലാ സീതാരാമനും അന്നപൂർണാ ദേവിയും ക്യാബിനറ്റ് പ​ദവിയുള്ള മന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന അന്നപൂർണാ ദേവിക്ക് ഇത്തവണ ക്യാബിനറ്റ് പദവി നൽകുകയായിരുന്നു. അനുപ്രിയ പട്ടേൽ, രക്ഷ ഖഡ്സെ, സാവിത്രി താക്കൂർ, ശോഭാ കരന്തലജെ, നിംബൻ ബംബാനിയ എന്നിവരാണ് മറ്റ് വനിതാ മന്ത്രിമാർ.

ബിജെപി സഖ്യകക്ഷിയായ അപ്നാ ദൾ (സോനേലാൽ) നേതാവാണ് അനുപ്രിയ പട്ടേൽ. ആദ്യ നരേന്ദ്രമോദി സ‌ർക്കാരിൽ ആരോ​ഗ്യ കുടുംബക്ഷേമ വകുപ്പിൽ സഹമന്ത്രിയായിരുന്നു അനുപ്രിയ പട്ടേൽ. രണ്ടാം മോദി സർക്കാറിൽ വാണിജ്യ വ്യവസായ വകുപ്പിൽ സഹമന്ത്രിയുമായിരുന്നു. രണ്ട് സീറ്റുണ്ടായിരുന്ന അപ്നാ ദൾ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലേക്ക് ഒതുങ്ങിയിരുന്നു.

37 കാരിയായ രക്ഷ ഖഡ്സെ റാവനിൽ നിന്ന് മൂന്ന് തവണ ലോക്സഭാ എംപിയായ നേതാവാണ്. മഹാരാഷ്ട്ര നേതാവ് ഏക്നാഥ് ഖഡ്സെയുടെ മരുമകൾ കൂടിയാണ് രക്ഷ ഖഡ്സെ. ആദ്യമായാണ് രക്ഷ കേന്ദ്രമന്ത്രിയാകുന്നതെങ്കിലും നേരത്തെ പഞ്ചായത്ത് പ്രസിഡ‍ന്റായും സിലാ പരിഷ​ത് അം​ഗമായും പ്രവ‍ർത്തിച്ചതിന്റെ പരിചയം രക്ഷയ്ക്കുണ്ട്.

സാവിത്രി താക്കൂറാണ് മോദി മന്ത്രിസഭയിലെ മറ്റൊരു പുതുമുഖം. ധറിൽ നിന്ന് രണ്ട് തവണ എംപയായ സാവിത്രി താക്കൂർ 2014 വിജയിച്ചിരുന്നെങ്കിലും 2019 ൽ പരാജയപ്പെടുകയായിരുന്നു. ഇത്തവണ രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാവിത്രി താക്കൂർ വിജയിച്ചത്. പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ചതിന്റെ പരിചയമുണ്ട് സാവിത്രി താക്കൂറിന്.

കർണാടകയിൽ നിന്ന് രണ്ട് തവണ ബിജെപി എംപിയായ ശോഭാ കരന്തലജെ രണ്ടാം മോദി സർക്കാരിൽ സഹമന്ത്രിയായിരുന്നു. സംസ്ഥാന മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 55 കാരിയായ നിംബുൻ ബംബാനിയയാണ് മറ്റൊരു വനിതാ മന്ത്രി. ഭാവ്ന​ഗറിൽ നിന്നുള്ള എംപിയായ നിംബുൻ ഭാവ്ന​ഗർ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ പാർട്ടി നേതൃത്വത്തിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

72 പേരാണ് ഇന്നലെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 30 പേർക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചു. അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിമാരായി. സത്യപ്രതിജഞ ചെയ്തവരിൽ 39 പേരും കേന്ദ്രമന്ത്രിമാരായിരുന്നവരാണ്. മന്ത്രിസഭയിൽ 24 സംസ്ഥാനങ്ങളിൽ നിന്നുള്ളവ‍ർക്ക് പ്രാതിനിധ്യം ലഭിച്ചു. 43 മന്ത്രിമാർ മൂന്നോ അതിലധികമോ തവണ എംപിമാരായവരാണ്. രണ്ടാം മോദി സർക്കാരിൽ പ്രധാന വകുപ്പുകൾ കൈകര്യം ചെയ്തിരുന്നവർ പുതിയ മന്ത്രിസഭയിലുമുണ്ട്.

2019 ൽ നിന്ന് വിഭിന്നമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്‌. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭ അധികാരത്തിലേറുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ​ഗോപി, ജോ‍ർജ് കുര്യൻ എന്നിവരും സഹമന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സ‍ർക്കാരിന്റെ മന്ത്രിസഭയിലുള്ളവരാണ്. 10 പേ‍ർ എസ് സി വിഭാ​ഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാ​ഗങ്ങളിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖ‍ർ ചടങ്ങിനെത്തി. ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവൻമാർ‌ ചടങ്ങിനെത്തിയിരുന്നു.

മോദി 3.0 യിലെ നാരീശക്തി; കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർ
മുസ്ലിം പ്രാതിനിധ്യമില്ലാതെ മൂന്നാം മോദി മന്ത്രിസഭ

Related Stories

No stories found.
logo
Reporter Live
www.reporterlive.com