LIVE BLOG: മൂന്നാമതും പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് മോദി; രണ്ടാമനായി രാജ്നാഥ് സിങ്

നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയാകുന്നത്. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു.
LIVE BLOG: മൂന്നാമതും പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് മോദി; രണ്ടാമനായി രാജ്നാഥ് സിങ്

ഇന്ന് സത്യപ്രതിജ്ഞ

മൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഏഴ് അയൽ രാജ്യങ്ങളിലെ ഭരണാധികാരികൾ ചടങ്ങിന് സാക്ഷിയാകും.

വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കിൽ ഘടകകക്ഷികൾ കൂടി കടിഞ്ഞാൺ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് സ്ഥിരീകരണം ആയിട്ടില്ല.

മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും

മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. 78-81 വരെ അംഗങ്ങളുള്ള മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുകയെന്നും സൂചനയുണ്ട്. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശം അടക്കം പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഈ വകുപ്പുകള്‍ ബിജെപി കക്ഷികള്‍ക്ക് നല്‍കിയേക്കില്ല.

സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ല

സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ല. നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങും.

മോദി വിളിച്ചു, സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപിക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിക്കുകയായിരുന്നു. 12.30 നുള്ള വിമാനത്തിൽ പോകാനാണ് ആലോചന.

ഖര്‍ഗെ പങ്കെടുക്കും

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണം. അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പങ്കെടുക്കും.

മുഖ്യമന്ത്രിക്ക് ക്ഷണം

മൂന്നാം എന്‍ഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. കേരള ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്. പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. മുഖ്യമന്ത്രി ദില്ലിയിൽ പിബി യോഗത്തിൽ പങ്കെടുക്കുകയാണ്.

അസൗകര്യമറിയിച്ച് മോഹന്‍ലാല്‍

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കുകയായിരുന്നു. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ കാരണത്താൽ എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു. താന്‍ അത് അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നും നിയുക്ത എംപി പ്രതികരിച്ചു. ഡല്‍ഹിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു പ്രതികരണം. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ലെന്ന് സൂചനയുണ്ടായിരുന്നു.

എനിക്ക് ഒന്നുമേ അറിയത്തില്ല: സുരേഷ് ഗോപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാന പ്രകാരമാണ് ദില്ലിയിലേക്ക് തിരിക്കുന്നതെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രി പദം സംബന്ധിച്ച് അദ്ദേഹമാണ് തീരുമാനമെടുത്തത്. താന്‍ അത് അനുസരിക്കുകയാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

'അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിച്ചു. ഉടന്‍ പോകും' എന്നായിരുന്നു നിയുക്ത എംപിയുടെ പ്രതികരണം.

വകുപ്പുകള്‍ സംബന്ധിച്ച ചോദ്യത്തിന് 'എനിക്ക് ഒന്നുമേ അറിയത്തില്ല' എന്നായിരുന്നു പ്രതികരണം.

കേരളത്തിനൊരു അംബാസഡര്‍ എന്ന നിലയ്ക്കാണോ പദവി എന്ന ചോദ്യത്തോട് ' അത് ഞാന്‍ എംപിയായിരുന്നാലും അങ്ങനെ തന്നെ. കേരളത്തിനും തമിഴ്‌നാടിനും എംപിയായിരിക്കും. അതെന്റെ പ്രചരണ യോഗങ്ങളില്‍ പറഞ്ഞിരുന്നു. തൃശൂരിലെ ജനങ്ങള്‍ പാസാക്കിയതാണ്. 11.30 ന് വീട്ടിലെത്തണം എന്നാണ് അറിയിച്ചത്' എന്നും സുരേഷ് ഗോപി പറഞ്ഞു. ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. അത് കഴിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

കെ അണ്ണാമലൈ കേന്ദ്രമന്ത്രി ആയേക്കും

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ മന്ത്രിയാകുമെന്ന് സൂചന. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാര്‍ക്കായി നിയുക്ത പ്രധാനമന്ത്രി നടത്തുന്ന ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ അണ്ണാമലൈയ്ക്കും ക്ഷണമുണ്ടെന്നാണ് വിവരം

മൂന്നാം മോദി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുമ്പോള്‍ സാധ്യത പട്ടികയില്‍ ഇവര്‍

അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പ്രള്‍ഹാദ് ജോഷി, അര്‍ജുന്‍ റാം മേഘ്വ് വാള്‍, സര്‍ബാനന്ദ സോനേവാള്‍, പിയൂഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ, ശിവരാജ് സിംഗ് ചൗഹാന്‍, ജിതേന്ദ്ര സിങ്, മന്‍സൂഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ്, മനോഹര്‍ ലാല്‍ ഖട്ടര്‍, ജിതേന്ദ്ര സിങ്, കിരണ്‍ റിജിജു, റാവു ഇന്ദര്‍ജിത്ത്, കെ അണ്ണാമലെെ, രക്ഷ ഖഡ്‌സെ, ബസവരാജ് ബൊമ്മൈ, നിര്‍മ്മല സീതാരാമന്‍, സുരേഷ് ഗോപി, ശന്തനു താക്കൂര്‍, ബണ്ഡി സഞ്ജയ്, ജിതിന്‍ പ്രസാദ, എസ് ജയശങ്കര്‍, എച്ച് ഡി കുമാരസ്വാമി,അനുപ്രിയ പട്ടേല്‍, ജിതന്‍ റാം മാഞ്ചി, ജയന്ത് ചൗധരി, റാം മോഹന്‍ നായിഡു (ടിഡിപി), ചന്ദ്ര ശേഖര്‍ പെമ്മസാനി (ടിഡിപി), രാം നാഥ് ഠാക്കൂര്‍ (ജെഡിയു), ലല്ലന്‍ സിംഗ്, ചിരാഗ് പാസ്വാന്‍, പ്രതാപ് റാവു ജാദവ് (ശിവസേന), രാം ദാസ് അത്താവാലെ.

മോദിയുടെ മൂന്നാം മന്ത്രിസഭയില്‍ 36 മന്ത്രിമാരെന്ന് സൂചന

രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, പീയുഷ് ഗോയല്‍, മന്‍സൂഖ് മാണ്ഡവ്യ, അര്‍ജുന്‍ റാം മേഘ്വ് വാള്‍, ശിവരാജ് സിംഗ് ചൗഹാന്‍, അണ്ണാമലൈ, സുരേഷ് ഗോപി, മനോഹര്‍ ഖട്ടര്‍, സര്‍ബാനന്ദ സോനേവാള്‍, കിരണ്‍ റിജിജു, റാവു ഇന്ദര്‍ജിത്ത്, ജിതേന്ദ്ര സിങ്, കമല്‍ജീതി സെഹ്‌റാവത്ത്, രക്ഷ ഖഡ്‌സെ, ജി കിഷന്‍ റെഡ്ഡി, ഹര്‍ദീപ് പുരി, ഗിരിരാജ് സിംഗ്, നിത്യാനന്ദ് റായ്, ബണ്ഡി സഞ്ജയ്, പങ്കജ് ചൗധരി, ബിഎല്‍ വര്‍മ, അന്നപൂര്‍ണ്ണ ദേവി, രണ്‍വീത് സിംഗ് ബിട്ടു, ശോഭാ കരന്തലജെ, ഹര്‍ഷ് മല്‍ഹോത്ര, ജിതിന്‍ പ്രസാദ, ഭഗീരത് ചൗധരി, സിആര്‍ പചട്ടീല്‍, അജയ് തംക, ധര്‍മ്മേന്ദ്ര പ്രധാന്‍, ഗജേന്ദ്ര സിംഗ് ഷെഗാവത്ത്, ജോതി രാദിത്യ സിന്ധ്യ എന്നിവരാണ് പട്ടികയിലുള്ളത്.

പഴയ രീതി തുടര്‍ന്നാല്‍ ഈ സര്‍ക്കാര്‍ സുഗമമായി മുന്നോട്ട് പോകില്ല: കെ സി വേണുഗോപാല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പഴയ രീതിയില്‍ പോകാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ ബുദ്ധിമുട്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പഴയരീതി തന്നെയാണെങ്കില്‍ ഈ സര്‍ക്കാരിന് സുഗമമായി മുന്നോട്ട് പോകാനാകില്ല. ആ മുന്‍തൂക്കം അവര്‍ക്കില്ല. ജനങ്ങള്‍ നല്‍കിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

'മുന്നണിയില്‍പ്പെട്ട പലര്‍ക്കും ക്ഷണം കിട്ടിയിട്ടില്ല. പഴയശൈലിയില്‍ പോകാനാണ് ശ്രമിക്കുന്നതെങ്കില്‍ വലിയ ബുദ്ധിമുട്ടാകും. ആ മുന്‍തൂക്കം അവര്‍ക്കില്ല. ജനങ്ങള്‍ നല്‍കിയിട്ടില്ല. ഏറ്റവും ധിക്കാരപരമായി എല്ലാവരെയും ബുള്‍ഡോസ് ചെയ്ത് വീണ്ടും പോകാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍...ഒരു ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്ത സഭയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണത്. കോണ്‍ഗ്രസിന് തരാതിരിക്കാന്‍ വേണ്ടി കഴിഞ്ഞ പത്ത് വര്‍ഷമായി ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ല. അതൊക്കെ പ്രതിപക്ഷത്തിന്റെ അവകാശമാണ്.' കെ സി വേണുഗോപാല്‍ പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇന്‍ഡ്യാ സഖ്യത്തിലെ നേതാക്കളില്‍ ഓരോരുത്തരുമായി സംസാരിച്ചുവരുന്നേയുള്ളൂവെന്നും കെ സി വേണുഗാപാല്‍ പ്രതികരിച്ചു.

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍ 

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍. സുരേഷ് ഗോപിക്ക് പുറമെ ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാവും. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ചായസല്‍ക്കാരത്തിലും പങ്കെടുത്തു. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.

എന്‍ഡിഎ മന്ത്രിസഭയില്‍ ആകെ 72 അംഗങ്ങള്‍

1 പ്രധാനമന്ത്രി

30 ക്യാബിനറ്റ് മന്ത്രിമാര്‍

5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

36 കേന്ദ്ര സഹമന്ത്രിമാര്‍

39 പേര്‍ മുന്‍പ് കേന്ദ്ര മന്ത്രിമാരായിരുന്നവര്‍. മന്ത്രിസഭയില്‍ 24 സംസ്ഥാനങ്ങളില്‍ നിന്ന് പ്രാതിനിധ്യം. 43 മന്ത്രിമാര്‍ മൂന്നോ അതില്‍ അധികം തവണയോ എംപിമാരായവര്‍.

ദക്ഷിണേന്ത്യയില്‍ നിന്ന് 13 പേര് മന്ത്രിമാര്‍

ഘടകകക്ഷികളില്‍ നിന്നായി 11 മന്ത്രിമാര്‍

ദക്ഷിണേന്ത്യയില്‍ നിന്ന് 13 പേര് മന്ത്രിമാര്‍

മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി

നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയാകുന്നത്. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു.

രണ്ടാമനായി രാജ്നാഥ് സിങ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം രാജ്നാഥ് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മൂന്നാമത് സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ

നരേന്ദ്രമോദിക്കും രാജ്നാഥ് സിങ്ങിനും ശേഷം മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ. കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്ത്രമന്ത്രിയായിരുന്നു അമിത് ഷാ.

ഗഡ്കരി സത്യപ്രതിജ്ഞ ചെയ്തു

ബിജെപിയുടെ സൌമ്യമുഖം നിതിൻ ഗഡ്കരി നാലാമതായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു അദ്ദേഹം. രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.

ജെ പി നദ്ദ സത്യപ്രതിജ്ഞ ചെയ്തു

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സത്യപ്രതിജ്ഞ ചെയ്തു. ഇത്തവണ മന്ത്രിസഭയിൽ നദ്ദയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ നദ്ദ അഭ്യൂഹങ്ങൾക്ക് അവസാനമായി. ദേശീയ അദ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷായ്ക്ക് ശേഷം മന്ത്രിക്കസേരയിലേക്ക് എത്തുന്ന നേതാവ് കൂടിയാണ് നദ്ദ.

ശിവ്‍രാജ് സിങ് ചൗ​ഹാൻ സത്യപ്രതിജ്ഞ ചെയ്തു

മൂന്നാം മോദി മന്ത്രിസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ശിവ്‍രാജ് സിങ് ചൗ​ഹാൻ. മധ്യപ്രദേശിലെ ബിജെപിയുടെ വളർച്ചയിലെ പ്രധാന കണ്ണിയായ ശിവ്‍രാജ് സിങ് ചൗ​ഹാൻ വിദിഷയിൽ നിന്നാണ് ലോക്സഭയിലെത്തിയത്.

സത്യപ്രതിജ്ഞ ചെയ്ത് നിർമ്മലാ സീതാരാമൻ

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിർമ്മലാ സീതാരാമൻ. രണ്ടാം മോദി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്നു നിർമ്മലാ സീതാരാമൻ. ഇംഗ്ലീഷിലാണ് നിർമ്മലാ സീതാരാമൻ സത്യപ്രതിജ്ഞ ചെയ്തത്.

എസ് ജയശങ്കർ വീണ്ടും മന്ത്രിസഭയിലേക്ക്

രണ്ടാം മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന എസ് ജയശങ്കർ മൂന്നാം മന്ത്രിസഭയിലേക്കും. കേന്ദ്രമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. സുഷമ സ്വരാജ് വിദേശകാര്യമന്ത്രിയായിരിക്കെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയങ്കർ, സുഷമയുടെ മരണത്തോടെ വിദേശകാര്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

മനോഹർ ലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു

ഹരിയാനയിൽ നിന്നുള്ള മനോഹർ ലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു. ആർഎസ്എസ്സിൽ നിന്നുള്ള മന്ത്രിയാണ് ഖട്ടർ എന്നതും പ്രത്യേകതയാണ്.

എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രിസഭയിലേക്ക്

കർണാടക മുൻമുഖ്യമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡയുടെ മകനാണ് കുമാരസ്വാമി.

പീയുഷ് ഗോയൽ, ധർമ്മേന്ദ്രപ്രധാൻ, നിതിൻ റാം മാഞ്ചി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു

പീയുഷ് ഗോയൽ, ധർമ്മേന്ദ്രപ്രധാൻ, നിതിൻ റാം മാഞ്ചി എന്നിവർ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മോദി 3.0 മന്ത്രിസഭയിൽ 72 അംഗങ്ങൾ

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ 72 അംഗ മന്ത്രിമാരാണ് ഉണ്ടാകുക. കേരളത്തിൽ നിന്നുള്ള രണ്ട് പേർ കേന്ദ്രമന്ത്രിമാരാകും.

ലലൻ സിങ് സത്യപ്രതിജ്ഞ ചെയ്തു

ജെഡിയുവിൽ നിന്നുള്ള ലലൻ സിങ്, അസ്സമിന്റെ മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ സർബാനന്ദ സോനോവാൾ, മധ്യപ്രദേശിൽ നിന്നുള്ള ഡോ. വിരേന്ദ്രകുമാർ ഖടിക്, രാമോഹൻ നായിഡു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

പ്രൽഹാദ് ജോഷി സത്യപ്രതിജ്ഞ ചെയ്തു

കർണാടകയിൽ നിന്നുള്ള പ്രൽഹാദ് ജോഷി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മോദി മന്ത്രിസഭയിൽ പാർലമെന്റ് കാര്യമന്ത്രിയായിരുന്നു.

മൂന്നാമതും കേന്ദ്രമന്ത്രിയായി ഗിരിരാജ് സിങ്

ഗിരിരാജ് സിങ് സത്യപ്രതിജ്ഞ ചെയ്തു. ആദ്യ രണ്ട് മന്ത്രിസഭയിലും മന്ത്രിയായിരുന്ന സിങ് മൂന്നാമതും മോദി മന്ത്രിസഭയുടെ ഭാഗമാകുന്നു. ബിഹാറിൽ നിന്നുള്ള നേതാവാണ്. ജുവൽ ഒറാം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അധികാരമേറ്റ് അശ്വിനി വൈഷ്ണവ്

അശ്വിനി വൈഷ്ണവ് സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷയിൽ 24 വർഷത്തെ ബിജെഡി ഭരണം അവസാനിപ്പിക്കുന്നതിൽ ചുക്കാൻ പിടിച്ച നേതാവാണ്.

ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും കേന്ദ്രമന്ത്രി

ജ്യോതിരാദിത്യ സിന്ധ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജസ്ഥാനിലെ ഗുണ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് ലോക്സഭയിലെത്തി.

കിരൺ റിജിജു സത്യപ്രതിജ്ഞ ചെയ്തു

ഭൂപേന്ദ്രയാദവ് സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനിൽ നിന്നുള്ള എംപിയാണ്. ഗജേന്ദ്രസിങ് ഷെഖാവത്, അന്നപൂർണാ ദേവി, കിരൺ റിജിജു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

സി ആർ പാട്ടീൽ, ചിരാഗ് പാസ്വാൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു

ഹർദീപ് സിങ് പുരി, മൻസുഖ് മാണ്ഡവ്യ, ജി. കിഷൻ റെഡ്ഡി, രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ഗുജറാത്ത് മുൻ സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

സ്വതന്ത്രചുമതലയുള്ള മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

റാവു ഇന്ദർജിത്ത് സത്യപ്രതിജ്ഞ ചെയ്തു. ഡോ ജിതേന്ദ്ര സിങ്, അർജിൻ രാം മേഘ്‍വാൾ, പ്രതാപ് റാവു ജാദവ്, ജയന്ത് ചൌധരി, ജിതിൻ പ്രസാദ, കിഷന്‍പാല്‍ ഗുര്‍ജര്‍, രാംദാസ് അത്താവലെ, നിത്യാനന്ദ് റായ്, രാംനാഥ് ഠാക്കൂര്‍, അനുപ്രിയ പട്ടേല്‍, വി സോമണ്ണ, ചന്ദ്രശേഖര്‍ പെമ്മസാനി, എസ് പി സിങ് ബാഗേല്‍, ശോഭാ കരന്തലജെ, കീര്‍ത്തിവര്‍ധന്‍ സിങ്, ബി എല്‍ വെര്‍മ, ശന്തനു ഠാക്കൂര്‍, സുരേഷ് ഗോപി, എല്‍ മുരുകന്‍, ബണ്ഢി സഞ്ജയ് റെഡ്ഡി,കമലേഷ് പാസ്വാന്‍, ബഗീരധ് ചൌധരി, സതീഷ് ചന്ദ്ര ദുബേ, രവ്നീത് സിംഗ് ബിട്ടു, ദുര്‍ഗാദാസ് ഉയികേ, രക്ഷാ സിങ് ഖഡ്‌സേ, സുകന്ത മജുംദാര്‍, സാവിത്രി ഠാക്കൂര്‍, രാജ് ഭൂഷന്‍ ചൌധരി, ഭൂപതി രാജു ശ്രീനിവാസ ശര്‍മ്മ, ഹർഷ് മൽഹോത്ര, നിമുബെൻ ബംബീനിയ, മുരളീധർ മൊഹോൾ, ജോർജ് കുര്യൻ എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയിൽ നിന്നുള്ള ശ്രീപദ് നായിക് സ്വതന്ത്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയിൽ നിന്നുള്ള മന്ത്രിയായിരുന്നു. പങ്കജ് ചൌധരി സ്വതന്ത്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയില്ല

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയില്ല.

മിനിസ്റ്റര്‍ സുരേഷ് ഗോപി

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിയായാണ് സുരേഷ് ഗോപിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് സുരേഷ് ഗോപി വിജയിച്ചത്. ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത്.

ജോർജ് കുര്യൻ കേന്ദ്രസഹമന്ത്രി

കേരളത്തിൽ നിന്നുള്ള ജോർജ് കുര്യൻ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഒരുമിച്ച് ഫോട്ടോ എടുത്ത് മന്ത്രിമാർ; സത്യപ്രതിജ്ഞാ ചടങ്ങിന് സമാപനം

72 പേരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിച്ചു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത മുഴുവൻ മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതോടെ മുഴുവൻ ചടങ്ങുകളും അവസാനിച്ചു.

logo
Reporter Live
www.reporterlive.com