'കാത്തിരുന്ന് കാണുക';ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി തേജസ്വി യാദവ്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും ഒരുമിച്ചാണ് ഡൽഹിയിലെത്തിയത്. ഇരുവരും ഒരേ വിമാനത്തിൽ ഒരുമിച്ചിരുന്നു യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
'കാത്തിരുന്ന് കാണുക';ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി തേജസ്വി യാദവ്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം അടുത്ത സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. തിരഞ്ഞടുപ്പില്‍ കേവലഭൂരിപക്ഷം കിട്ടാത്തതിനാല്‍ ഭരണം നിലനിര്‍ത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമല്ലാത്ത സാഹചര്യത്തിൽ ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമോയെന്ന ചോ​ദ്യത്തിന് മറുപടിയുമായി രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. എന്ത് സംഭവിക്കുമെന്നത് എല്ലാവരും കാത്തിരുന്നു കാണുക എന്നായിരുന്നു തേജസ്വിയുടെ പ്രതികരണം. ഇന്ത്യൻ ബ്ലോക്ക് യോഗത്തിന് ദേശീയ തലസ്ഥാനത്ത് എത്തിയതായിരുന്നു തേജസ്വി യാദവ്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും ഒരുമിച്ചാണ് ഡൽഹിയിലെത്തിയത്. ഇരുവരും ഒരേ വിമാനത്തിൽ ഒരുമിച്ചിരുന്നു യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. എല്ലാത്തിനും തീരുമാനങ്ങള്‍ ഉണ്ടാകും എല്ലാവരും ഒരൽപ്പം ക്ഷമ കാണിക്കണമെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു. നിതീഷുമൊത്ത് ഒന്നിച്ചുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് വി‍ജയിച്ചതിന് ഇരുവരും ആശംസകൾ അറിയിച്ചു എന്നതായിരുന്നു തേജസ്വിയുടെ മറുപടി.

കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍ 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടി. ഇന്‍ഡ്യാ മുന്നണിയെ നിഷ്പ്രഭമാക്കി 400 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞത്

മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ കോണ്‍ഗ്രസും തള്ളിയിട്ടില്ല. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം. ഇന്ന് നടക്കുന്ന സഖ്യ യോഗത്തില്‍ തീരുമാനം ഉണ്ടാകും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഒരു അവസരം കൂടി മോദിക്ക് നല്‍കിയാല്‍ ജനാധിപത്യം തകര്‍ക്കും എന്ന് ജനങ്ങള്‍ക്ക് മനസിലായി എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടി എന്നും ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ രാഷ്ട്രീയ വീക്ഷണം ഏറ്റവും ഉയര്‍ന്നത് എന്ന് തെളിയിച്ചു എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അമേഠിയിലെ കെ എല്‍ ശര്‍മ്മയുടെ വിജയത്തെ അഭിനന്ദിച്ചു. റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തും എന്നതില്‍ തീരുമാനം പിന്നീട് എടുക്കും.

എന്‍ഡിഎയുടെ ഭാഗമായ ജെഡിയു, ടിഡിപി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്‍ഡിഎയ്‌ക്കൊപ്പം തുടരുമെന്നാണ് ടിഡിപിയും ജെഡിയുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റു നാടകീയ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com