'എംപി ആയാലും ഇല്ലെങ്കിലും ശുചീകരണ പ്രവര്‍ത്തനത്തിൽ ഭാഗമാകും'; ഐസകിന്റെ മറുപടി

തോമസ് ഐസക് സംസ്ഥാനത്തെ ഒരു സ്‌കൂളിലെ ശുചി മുറി വൃത്തിയാക്കുന്ന പഴയ ചിത്രം പരിഹാസ കമന്റോടെ ഒരാൾ എക്‌സിൽ പോസ്റ്റിട്ടിരുന്നു
'എംപി ആയാലും ഇല്ലെങ്കിലും ശുചീകരണ പ്രവര്‍ത്തനത്തിൽ ഭാഗമാകും'; ഐസകിന്റെ മറുപടി

പത്തനതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംപി ആയാലും ഇല്ലെങ്കിലും കേരളത്തിന്റെ ശുചിത്വ പ്രവർത്തനങ്ങളുടെ കൂടെയുണ്ടാകുമെന്ന് പ്രതികരിച്ച് പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്. തോമസ് ഐസക് സംസ്ഥാനത്തെ ഒരു സ്‌കൂളിലെ ശുചി മുറി വൃത്തിയാക്കുന്ന പഴയ ചിത്രം പരിഹാസ കമന്റോടെ ഒരാൾ എക്‌സിൽ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയുമായാണ് തോമസ് ഐസക് രംഗത്തെത്തിയത്. ജൂൺ നാലിന് ശേഷം തോമസ് ഐസകിന്റെ പണി ഇതായിരിക്കുമെന്നായിരുന്നു എക്‌സിൽ പരിഹാസം. എന്നാൽ എംപി ആയാലും അല്ലെങ്കിലും സംസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ താൻ ഉണ്ടാകുമെന്നും ശുചീകരണം മോശമായതോ അപമാനമായതോ ആയ ജോലി ആയി തനിക്ക് തോന്നിയിട്ട് ഇല്ലെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

എക്‌സിലെ പരിഹാസ പോസ്റ്റിൽ കാണുന്ന ചിത്രത്തിനെ കുറിച്ചും ഐസക് വിശദീകരണം നല്കി, 'ശുചിത്വ ദിനാചാരണവുമായി ബന്ധപ്പെട്ട് ഒരു സ്‌കൂളിൽ പോയ സമയത്തെ അനുഭവമായിരുന്നു അത്, ക്ലാസ് മുറികളും സ്കൂൾ പരിസരവുമെല്ലാം പരിപൂർണ്ണമായി വൃത്തിയാക്കിയെങ്കിലും സ്കൂളിന്റെ ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു. മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാൻ വൃത്തിയാക്കാൻ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ചില അധ്യാപകരും രക്ഷാകർത്താക്കളും കൂടെച്ചേർന്നു. തുടർന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി. എല്ലാവരും കൂടി ടോയിലറ്റ് പരിപൂർണ്ണമായി ശുചീകരിച്ചശേഷമാണ് അന്നത്തെ യോഗം ആരംഭിച്ചത്. ഐസക് കൂട്ടിചേർത്തു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഇത്തവണ ജനവിധി തേടുന്ന തോമസ് ഐസകിന് എതിരാളികൾ കോൺഗ്രസിന്റെ ആന്റോ ആന്റണിയും ബിജെപിയുടെ അനിൽ ആന്റണിയുമാണ്.

തോമസ് ഐസകിന്റെ എഫ്ബി പോസ്റ്റിന്റെ പൂർണ്ണ രൂപം

മനോരമ സർവ്വേയെ തുടർന്ന് സംഘികൾ അർമാദത്തിലാണ്. പത്തനംതിട്ടയിൽ ഞാൻ മൂന്നാംസ്ഥാനത്ത് ആണത്രേ. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് അറിയാൻ പോകുന്ന കാര്യമല്ലേ. അതുകൊണ്ട് അത് അവിടെ നിൽക്കട്ടെ.

ഒരു സംഘിയുടെ പ്രതികരണം ഇങ്ങനെയാണ് ‘After June 4th’ എന്ന ക്യാപ്ഷനോടുകൂടി X-ൽ എന്റെ പഴയൊരു പടം എന്നെ ടാഗ് ചെയ്തിരിക്കുകയാണ്. ജൂൺ 4-ാം തീയതി കഴിഞ്ഞാൽ എന്റെ പണി ഇതായിരിക്കുമെന്നാണ് അയാളുടെ ട്വീറ്റ്. സംഘിയുടെ ചിന്തയിൽ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി.

X-ൽ എന്റെ മറുപടി ഇതായിരുന്നു: ഇനി എംപി ആയാലും ഇല്ലെങ്കിലും ഞാൻ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തിൽ പ്രവർത്തകനായി ഉണ്ടാകും.

കലവൂർ സ്കൂളിൽ സ്കൂൾ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്. അവിടെച്ചെന്ന ഞാൻ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്. ക്ലാസ് മുറികളും സ്കൂൾ പരിസരവുമെല്ലാം പരിപൂർണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ, ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു. മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാൻ വൃത്തിയാക്കാൻ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ചില അധ്യാപകരും രക്ഷാകർത്താക്കളും കൂടെച്ചേർന്നു. തുടർന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി. എല്ലാവരുംകൂടി ടോയിലറ്റ് പരിപൂർണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്.

സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം?

'എംപി ആയാലും ഇല്ലെങ്കിലും ശുചീകരണ പ്രവര്‍ത്തനത്തിൽ ഭാഗമാകും'; ഐസകിന്റെ മറുപടി
തൃശ്ശൂര്‍ 'തൊട്ടാല്‍' ആര്‍ക്ക് പൊള്ളും?

Related Stories

No stories found.
logo
Reporter Live
www.reporterlive.com