'രണ്ട് കൈയിലും ഭാരിച്ച ഉത്തരവാദിത്തം'; ഇന്‍ഡ്യാ മുന്നണി യോഗത്തിന് മമത എത്തില്ല

മമതയുടെ 'വിട്ടുനില്‍ക്കലില്‍' കോണ്‍ഗ്രസിലും സിപിഐഎമ്മിലും അതൃപ്തിയുണ്ട്.
'രണ്ട് കൈയിലും ഭാരിച്ച ഉത്തരവാദിത്തം'; ഇന്‍ഡ്യാ മുന്നണി യോഗത്തിന് മമത എത്തില്ല

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് ചേരുന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂണ്‍ ഒന്നിന് സൗത്ത് ബംഗാളിലെ പ്രധാനപ്പെട്ട ഒമ്പത് സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇതിന് പുറമെ റെമാല്‍ ചുഴലിക്കാറ്റില്‍ ആറ് പേര്‍ മരിച്ചതടക്കം വലിയ നാശനഷ്ടം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മമത യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മമതയുടെ 'വിട്ടുനില്‍ക്കലില്‍' കോണ്‍ഗ്രസിലും സിപിഐഎമ്മിലും അതൃപ്തിയുണ്ട്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയ്ക്ക് ആത്മാര്‍ത്ഥതയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഇതിന് പിന്നാലെ യോഗത്തിലേക്ക് മമത പ്രതിനിധികളെ അയച്ചേക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് സൂചന കഴിഞ്ഞ ദിവസം ബുറാബസാറില്‍ സംഘടിപ്പിച്ച റാലിയിലും മമത നൽകിയിരുന്നു. പ്രധാനപ്പെട്ട സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്നാണ് മമത വോട്ടര്‍മാരെ അറിയിച്ചത്.

'ജൂണ്‍ ഒന്നാം തിയ്യതി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാവില്ല. നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പടക്കം 10 സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കുകയാണ്. പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും അതേദിവസം വോട്ടെടുപ്പുണ്ട്. തങ്ങളുടേതെന്ന് ബിജെപി അവകാശപ്പെടുന്ന ഉത്തര്‍പ്രദേശില്‍, പക്ഷെ... അവിടെ അഖിലേഷ് യാദവ് ഉണ്ട്. ബീഹാറും അന്ന് പോളിംഗ് ബുത്തിലേക്ക് പോകും. വോട്ടെടുപ്പ് ഏറെ വൈകിയും നടന്നേക്കാം. ഇതെല്ലാം ഇവിടെ നിര്‍ത്തി എങ്ങനെ ഡല്‍ഹിയിലേക്ക് പോകും.' മമതാ ബാനര്‍ജി പറഞ്ഞു.

റൊമാല്‍ ദുരിത മുഖത്തും എത്തേണ്ടതുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റ് വലിയ ദുരിതമാണ് വിതച്ചത്. ഒരു കൈയ്യില്‍ വോട്ടെടുപ്പ്, മറ്റേ കൈയ്യില്‍ ദുരിതാശ്വാസം. എല്ലാം ഒരുപോലെ കൊണ്ടുപോകേണ്ടതുണ്ട്. ജനങ്ങള്‍ക്കാണ് എന്റെ മുന്‍ഗണന. ഏത് വിധേനയും ജനത്തെ സംരക്ഷിക്കുമെന്നും മമത പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഇന്‍ഡ്യാ മുന്നണി കണ്‍വീനറും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലാകാര്‍ജ്ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിൽ ജൂണ്‍ ഒന്നിന് യോഗം ചേരുന്നത്. യോഗത്തിലേക്ക് പ്രതിപക്ഷ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. കെജ്‌രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യ കാലാവധി ജൂണ്‍ രണ്ടിന് തീരും.

അധികാരത്തിലെത്താനാകുമെന്നും മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നുമുള്ള കടുത്ത ആത്മവിശ്വാസത്തിലാണ് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍. ജൂലൈ ഒന്നിന് ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. വിജയം തങ്ങള്‍ക്ക് തന്നെയെന്ന് എന്‍ഡിഎയും ഇന്‍ഡ്യ മുന്നണിയും അവകാശപ്പെടുന്നുണ്ട്. ഇന്‍ഡ്യാ മുന്നണി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, കര്‍ണ്ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബിഹാറില്‍ എട്ട് സീറ്റില്‍ മാത്രമാണ് വോട്ടെടുപ്പ് പൂര്‍ത്തിയാകാനുള്ളത്.

കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇവിടങ്ങളിലെയെല്ലാം സാഹചര്യം യോഗത്തില്‍ വിലയിരുത്തപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com