ക്ഷമ പരീക്ഷിക്കരുത്, ഉടൻ കീഴടങ്ങണം; പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി എച്ച് ഡി ദേവഗൗഡ

60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് കുടുംബത്തോടല്ല ജനങ്ങളോടാണ് കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു
ക്ഷമ പരീക്ഷിക്കരുത്, ഉടൻ കീഴടങ്ങണം; പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി എച്ച് ഡി ദേവഗൗഡ

ദില്ലി: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ചെറുമകൻ പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും തിരിച്ചു വരണമെന്നുമാണ് ദേവഗൗഡയുടെ താക്കീത്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിനോട് പാർട്ടി ലെറ്റർ ഹെഡിലൂടെ പ്രസ്താവന ഇറക്കി ദേവഗൗഡ ആവശ്യപ്പെട്ടു.

കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കുറിച്ചു. പ്രജ്വൽ വിദേശത്ത് പോയത് തന്റെ അറിവോടെയല്ല. ഇപ്പോഴെവിടെയാണെന്നും അറിയില്ല. ഇനിയും തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നിൽക്കും. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് കുടുംബത്തോടല്ല ജനങ്ങളോടാണ് കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു. പ്രജ്വൽ ഉണ്ടാക്കിയ ഞെട്ടലിൽ നിന്നും വേദനയിൽ നിന്നും കരകയറാൻ തനിക്ക് കുറച്ച് സമയമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാ‍ർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കിയേക്കും. പ്രജ്വൽ ഒളിവിൽ പോയി ഇരുപത്തിയേഴാം ദിവസമാണ് വിദേശകാര്യമന്ത്രാലയം ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്ന കാര്യം പരിഗണിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com