സംവരണം ബിജെപി സര്‍ക്കാര്‍ രഹസ്യമായി തട്ടിയെടുക്കുന്നു; മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാര്‍ എസ് സി-എസ് ടി-ഒ ബി സി സംവരണം നിശബ്ദമായി ഇല്ലാതാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
സംവരണം ബിജെപി സര്‍ക്കാര്‍ രഹസ്യമായി തട്ടിയെടുക്കുന്നു; മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സംവരണ വിവാദത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ എസ് സി-എസ് ടി-ഒ ബി സി സംവരണം നിശബ്ദമായി ഇല്ലാതാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അന്ധമായ സ്വകാര്യവല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതാക്കി ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സംവരണം ബിജെപി സര്‍ക്കാര്‍ രഹസ്യമായി തട്ടിയെടുക്കുകയാണ്.

2013ല്‍ പൊതുമേഖലയില്‍ 14 ലക്ഷം സ്ഥിരം തസ്തികകള്‍ ഉണ്ടായിരുന്നത് 2023ല്‍ 8.4 ലക്ഷം മാത്രമായി കുറഞ്ഞു. ബിഎസ്എൻഎൽ, സെയ്ൽ, ബിഎച്ച്ഇഎൽ മുതലായ മുന്‍നിര പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിച്ചതിലൂടെ, പൊതുമേഖലയില്‍ നിന്ന് മാത്രം ഏകദേശം 6 ലക്ഷം സ്ഥിരം ജോലികള്‍ ഇല്ലാതാക്കി. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമായിരുന്ന തസ്തികകളാണിത്. റെയില്‍വെ പോലുള്ള സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെ ഇല്ലാതാക്കുന്ന ജോലികള്‍ക്കും കണക്കില്ല. മോദി മാതൃകയില്‍ നടക്കുന്ന സ്വകാര്യവല്‍ക്കരണം രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കുകയാണ്. അതിലൂടെ അധകൃതരുടെ സംവരണം തട്ടിയെടുക്കുകയാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

ഒഴിവുള്ള 30 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ നികത്തി പൊതുമേഖലകളെ ശക്തിപ്പെടുത്തുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തൊഴിലവസരങ്ങളുടെ വാതിലുകള്‍ തുറക്കുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com