വിലകൂടിയ ഫോൺ വേണം! 'അതിസാഹസികമായി' കവര്‍ച്ച നടത്തി 13കാരൻ

'സിഐഡി' എന്ന ടി വി സീരിയലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ മോഷണം നടത്തിയതെന്നായിരുന്നു 13കാരന്റെ മൊഴി.
വിലകൂടിയ ഫോൺ വേണം! 'അതിസാഹസികമായി' കവര്‍ച്ച നടത്തി 13കാരൻ

സൂറത്ത് : സൂറത്തിലെ ഫ്‌ളാറ്റില്‍നിന്ന് പത്തുലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച കേസിൽ 13 വയസ്സുകാരൻ പിടിയിൽ. സൂറത്തിലെ പിപ്ലോഡിലെ ആഡംബര ഫ്‌ളാറ്റിലാണ് 13കാരന്‍ 'അതിസാഹസികമായ' രീതിയില്‍ കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ 13 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ 26-നാണ് പിപ്ലോഡിലെ ആഡംബര ഫ്‌ളാറ്റില്‍ മോഷണം നടന്നത്. മറ്റൊരു ഫ്‌ളാറ്റില്‍ ബന്ധുവിനൊപ്പം താമസിക്കാനെത്തിയ 13കാരന്‍ പ്രിയങ്ക കോത്താരിയുടെ ഫ്‌ളാറ്റില്‍ കയറി പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരു കുട്ടിയാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് പൊലിസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് മോഷണത്തിനത്തിന്റെ ചുരളഴിഞ്ഞത്. 'സി.ഐ.ഡി' എന്ന ടി വി സീരിയലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ മോഷണം നടത്തിയതെന്നായിരുന്നു 13-കാരന്റെ മൊഴി. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായാണ് കവര്‍ച്ച ആസൂത്രണംചെയ്തതെന്നും ബാലന്‍ പൊലീസിനോട് സമ്മതിച്ചു.

കെട്ടിടത്തിലെ മൂന്നാംനിലയില്‍ നിന്ന് പൈപ്പ് വഴി ഊര്‍ന്നിറങ്ങിയാണ് കുട്ടി മോഷണം നടത്തിയത്. ബന്ധുവിന്റെ ഫ്‌ളാറ്റിലെ ശുചിമുറിയുടെ വെന്റിലേഷന്‍ കുട്ടി ഇളക്കിമാറ്റിയിരുന്നു തുടർന്ന് കെട്ടിടത്തിലെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങുകയും ഒന്നാംനിലയിലെ ഫ്‌ളാറ്റിന്റെ ശുചിമുറിയ്ക്ക് സമീപമെത്തുകയുംചെയ്തു. പിന്നാലെ ശുചിമുറിയുടെ വെന്റിലേഷൻ ഇളക്കിമാറ്റി അകത്തുകയറിയെന്നാണ് പൊലീസ് നി​ഗമനം.

പ്രിയങ്ക കോത്താരിയുടെ ഫ്‌ളാറ്റില്‍നിന്ന് 120 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ ബ്രേസ്ലെറ്റും സ്വര്‍ണമാലയും സ്വര്‍ണമോതിരവുമാണ് കുട്ടി മോഷ്ടിച്ചത്.പതിനായിരം രൂപയും മോഷ്ടിച്ചു. മോഷണത്തിന് ശേഷം ശുചിമുറിയുടെ വെന്റിലേഷന്‍ വഴി കുട്ടി തിരികെയിറങ്ങുകയായിരുന്നു. തുടര്‍ന്ന് പൈപ്പില്‍ പിടിച്ച് മുകളിലേക്ക് കയറുകയും മൂന്നാംനിലയിലെ ബന്ധുവിന്റെ ഫ്‌ളാറ്റിലെത്തുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങളും പണവും ബന്ധുവിന്റെ ഫ്‌ളാറ്റിലെത്തിച്ച് ശുചിമുറിയുടെ സീലിങ്ങിനിടയിലാണ് ഒളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ ആ​ദ്യഘട്ടത്തില്‍ പൊലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ചില കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഇത് ഒരു കുട്ടിയുടെ കാല്‍പ്പാടുകളാണെന്നും പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു. പതിവായി ഉപയോഗിക്കാത്ത ശുചിമുറിയിലൂടെയാണ് 13കാരന്‍ പ്രിയങ്ക കോത്താരിയുടെ ഫ്‌ളാറ്റിനുള്ളില്‍ കടന്നത്. അതിനാല്‍ പൊടിപിടിച്ച് കിടന്നിരുന്ന ശുചിമുറിക്കുള്ളിൽ 13-കാരന്റെ കാല്‍പ്പാടുകള്‍ വ്യക്തമായി പതിഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു. മോഷണം നടത്തിയത് കുട്ടിയാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും 13-കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വിലകൂടിയ ഫോൺ വേണം! 'അതിസാഹസികമായി' കവര്‍ച്ച നടത്തി 13കാരൻ
അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്; മെമ്മറി കാർഡ് ഡിലീറ്റ് ചെയ്തിട്ടുണ്ടാകും: ഡ്രൈവർ യദു

Related Stories

No stories found.
logo
Reporter Live
www.reporterlive.com