മോദിയുമായി ചായസൽക്കാരം: 'അസാമാന്യ ഉളുപ്പ് വേണം'; പ്രിയങ്കയ്ക്കും പ്രേമചന്ദ്രനുമെതിരെ ജോണ്‍ ബ്രിട്ടാസ്

നിരന്തരം പ്രധാനമന്ത്രിയുടെ കോലായിലെ കഞ്ഞി വീഴ്ത്തില്‍ പങ്കെടുക്കുന്ന ആളാണ് പ്രേമചന്ദ്രനെന്ന് ജോണ്‍ ബ്രിട്ടാസ്

മോദിയുമായി ചായസൽക്കാരം: 'അസാമാന്യ ഉളുപ്പ് വേണം'; പ്രിയങ്കയ്ക്കും പ്രേമചന്ദ്രനുമെതിരെ ജോണ്‍ ബ്രിട്ടാസ്
dot image

ന്യൂഡല്‍ഹി: വയനാട് എംപി പ്രിയങ്കാ ഗാന്ധിയും ആര്‍എസ്പി നേതാവും എംപിയുമായ എന്‍ കെ പ്രേമചന്ദ്രനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം ചായസല്‍ക്കാരത്തില്‍ പങ്കെടുത്തതിന് എതിരെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. പ്രിയങ്കാ ഗാന്ധി പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാ കളങ്കമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണമെന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. ഉതക ക്രിയയ്ക്ക് വേണ്ടിയാണോ പോയതെന്നും എന്ത് സന്ദേശമാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും ബ്രിട്ടാസ് ചോദിച്ചു.

'മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടില്‍ നിന്ന് മാറ്റാന്‍ പോകുകയാണ്. അതിനുശേഷവും ഇവര്‍ തേയില സല്‍ക്കാരത്തിന് പോകും. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചപ്പോഴാണ് പ്രിയങ്ക പോയത്. പാര്‍ലമെന്ററി പാര്‍ട്ടിയുമായി ഒരു ബന്ധവും പ്രിയങ്കാ ഗാന്ധിക്ക് ഇല്ല. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ പ്രിയങ്ക പുകഴ്ത്തി. വയനാട് പുനരധിവാസത്തിന് വേണ്ടി അഞ്ച് പൈസ തരാത്ത കേന്ദ്ര സര്‍ക്കാരിന് എതിരെ ഒന്നും പറഞ്ഞില്ല', ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പ്രേമചന്ദ്രന്‍ പങ്കെടുത്തതില്‍ അത്ഭുതമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നിരന്തരം പ്രധാനമന്ത്രിയുടെ കോലായിലെ കഞ്ഞി വീഴ്ത്തില്‍ പങ്കെടുക്കുന്ന ആളാണ് പ്രേമചന്ദ്രനെന്ന് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. ആര്‍എസ്പി എന്ന പേര് ആര്‍എസ്എസ് എന്ന് ഇടാന്‍ പ്രേമചന്ദ്രന്‍ ശ്രമിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കില്ല എന്നാണ് വിശ്വാസമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ യുഡിഎഫ് എംപിമാര്‍ക്ക് രണ്ട് പരിപാടി മാത്രമേ ഉണ്ടായുള്ളൂവെന്നും പാരയും പാരഡിയുമാണ് അതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. 'അയ്യപ്പന് പോലും പോറ്റിയെ അറിയും മുമ്പ് സോണിയാ ഗാന്ധിയുടെ കയ്യില്‍ നൂല് കെട്ടിച്ച വിദ്വാന്മാരാണ് ഇവര്‍. എന്നിട്ടാണ് പാര്‍ലമെന്റിന് മുന്നില്‍ പാരഡി പാട്ട് പാടിയത്. അസാമാന്യ തൊലിക്കട്ടിയാണ് ഇവര്‍ക്ക്', ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ ചായസല്‍ക്കാരത്തില്‍ മോദിക്കൊപ്പം എന്‍ കെ പ്രേമചന്ദ്രനും പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തിരുന്നു. പ്രേമചന്ദ്രനെ പോലുള്ളവരുടെ ഇടപെടലുകള്‍ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് മോദി പ്രശംസിക്കുകയും ചെയ്തിരുന്നു. പ്രിയങ്കാ ഗാന്ധിയും മന്ത്രിമാരായ രാജ്‌നാഥ് സിങ്, കെ രാംമോഹന്‍ നായിഡു, രാജീവ് രഞ്ജന്‍ സിങ്, ചിരാഗ് പസ്വാന്‍, പ്രഹ്‌ളാദ് ജോഷി എന്നിവരും പങ്കെടുത്തിരുന്നു.

Content Highlights: John Brittas against Priyanka Gandhi and Premachandran on Modi tea party

dot image
To advertise here,contact us
dot image