മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്ശം: ബിഹാര് എന്ഡിഎയില് ആശങ്ക

മോദിയുടെ പരാമര്ശത്തില് നിതീഷ് കുമാര് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്

dot image

പട്ന: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിഹാറിലെ എന്ഡിഎ സഖ്യകക്ഷികള്. പല മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകള് നിര്ണായകമാണെന്നിരിക്കെയാണ് മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്ശം എതിര്കക്ഷികള് ആയുധമാക്കിയിരിക്കുന്നത്. മോദിയുടെ പരാമര്ശത്തില് നിതീഷ് കുമാര് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.

ബിഹാറില് ജെഡിയു മത്സരത്തിനിറങ്ങുന്ന പല മണ്ഡലങ്ങളിലും മുസ്ലിം വോട്ടുകള് നിര്ണായകമാണ്. നിതീഷ് കുമാറിന്റെ മതേതര പ്രതിച്ഛായയില് ലഭിച്ചിരുന്ന ഈ വോട്ടുകള് നഷ്ടമാകുമോ എന്ന ആശങ്ക സ്ഥാനാര്ത്ഥികള്ക്കുണ്ട്. മോദിയുടെ പരാമര്ശം ഇന്ഡ്യ സഖ്യത്തിന് അനുകൂലമായി ന്യൂനപക്ഷ ധ്രുവീകരണത്തിന് കാരണമാകുമോ എന്നാണ് ജെഡിയുവും എല്ജെപിയും ഭയപ്പെടുന്നത്.

രാജസ്ഥാനിലെ ബന്സ്വാരയില് തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കവെയായിരുന്നു മോദിയുടെ വിവാദ പരാമര്ശം. 'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില് മുസ്ലീങ്ങള്ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹന് സിംഗ് സര്ക്കാര് പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല് മക്കളുള്ളവര്ക്കും നുഴഞ്ഞുകയറ്റക്കാര്ക്കും നല്കുമെന്നാണ് അതിനര്ഥം. നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള് നുഴഞ്ഞുകയറ്റക്കാര്ക്കു നല്കണോ? ഇത് നിങ്ങള്ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്ശം. മോദിയുടെ പരാമര്ശത്തിനെതിരെ കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്ട്ടികള് രംഗത്തെത്തിയിരുന്നു.

'അത് നിങ്ങള്ക്ക് സ്വീകാര്യമാണോ? നിങ്ങള് കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാന് സര്ക്കാരുകള്ക്ക് അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കൈവശമുള്ള സ്വര്ണ്ണം പ്രദര്ശനവസ്തുവല്ല അത് അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടതാണ്. അവരുടെ മംഗല്യസൂത്രത്തിന്റെ മൂല്യം സ്വര്ണ്ണത്തിലോ അതിന്റെ വിലയിലോ അല്ല, മറിച്ച് അവരുടെ ജീവിത സ്വപ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് തട്ടിയെടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള് പറഞ്ഞിരിക്കുന്നതെന്നും മോദി ചോദിച്ചിരുന്നു.

dot image
To advertise here,contact us
dot image