

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ സഞ്ജു സാംസണിന്റെ തകർപ്പൻ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ ലഭിച്ച അവസരം മുതലെടുത്ത മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ കിടിലന്‍ ബാറ്റിങ്ങിലൂടെ ഇന്ത്യന്‍ ഇന്നിങ്‌സിന് മികച്ച തുടക്കമിട്ടു. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
22 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സുമടക്കം 37 റണ്‍സടിച്ചാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ സഞ്ജു പുറത്തായത്. 168.18 സട്രൈക്ക് റേറ്റിലാണിത്. വൈസ് ക്യാപ്റ്റനും ഫസ്റ്റ് ചോയ്‌സ് ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനേക്കാള്‍ ഏറെ മുന്നിലാണ് താനെന്ന് അടിവരയിടുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. പരിക്ക് കാരണം ഗില്ലിന് പുറത്തിരിക്കേണ്ടി വന്നതോടെയാണ് സഞ്ജുവിന് ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചത്.
ഇപ്പോഴിതാ സഞ്ജുവിന്റെ ബാറ്റിങ്ങിനെ കുറിച്ച് കമന്ററിക്കിടെ മുൻ താരവും മുൻ പരിശീലകനുമായ മായ രവി ശാസ്ത്രിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്ര മികച്ച ബാറ്ററായിട്ടും തുടര്‍ച്ചയായി ആറ് ടി20കളില്‍ സഞ്ജുവിനു അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്.
'എന്തുകൊണ്ടാണ് സഞ്ജു ഇപ്പോഴും നമ്മുടെ ആദ്യ പരിഗണനയിൽ വരാത്തതെന്ന് ഈ കളിയിലെ ഷോട്ടുകള്‍ കാണുമ്പോള്‍ ചില സമയങ്ങളില്‍ തോന്നിപ്പോകും. അയാളെ ഓപ്പണിങ് റോളിൽ കളിപ്പിക്കാൻ ഒരു പരിക്കിനായി നമ്മൾ കാത്തിരിക്കുന്നത് എന്തിനാണ്? മുന്‍നിരയില്‍ സ്വാഭാവികമായി കളിക്കാന്‍ കഴിയുന്ന ബാറ്ററാണ് സഞ്ജു. മൂന്ന് ടി20 സെഞ്ച്വറികള്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണമാവട്ടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലുമാണ്. ഈ തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്ന സഞ്ജു വളരെയധികം അപകടകാരിയാണ്', എന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.
Content Highlights: ‘Why should an injury bring Sanju Samson into this team?’, Says Ravi Shastri