അടുത്ത ലക്ഷ്യം ബിഹാർ; ലാലു പ്രസാദ് യാദവിന് അറസ്റ്റ് വാറണ്ട്

ഗ്വാളിയറിലെ പ്രത്യേക കോടതിയിൽ 26 വർഷമായി നിലവിലുള്ള ആയുധ നിയമ കേസിലാണ് ലാലുവിന് ഇപ്പോൾ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്.
അടുത്ത ലക്ഷ്യം ബിഹാർ; ലാലു പ്രസാദ് യാദവിന് അറസ്റ്റ് വാറണ്ട്

പട്ന : ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ വിവിധ കേസുകളിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനാണ് അറസ്റ്റ് വാറണ്ട് ലഭിച്ചത്. ഗ്വാളിയറിലെ പ്രത്യേക കോടതിയിൽ 26 വർഷമായി നിലവിലുള്ള ആയുധ നിയമ കേസിലാണ് ലാലു യാദവിന് ഇപ്പോൾ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്. കോടതിയിൽ 1998ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ലാലു യാദവിനു വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. കുറച്ചു കാലങ്ങളായി കേസ് നിർജ്ജീവമായിരുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വേട്ടയാടുന്നതിന്റെ ഭാഗമായാണ് കാലങ്ങളായി ഷെൽഫിൽ കിടക്കുന്ന കേസ് ഇപ്പോൾ പൊടി തട്ടിയെടുത്തതെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. അറസ്റ്റ് വാറണ്ടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. കേസിൽ പ്രതിയായ അനധികൃത ആയുധ വിൽപനക്കാരനായ രാജ് കുമാർ ശർമ്മയുടെ മൊഴി അനുസരിച്ചാണ് ലാലു യാദവിനെ പ്രതി ചേർത്തിട്ടുള്ളത്. ഗ്വാളിയറിലെ ആയുധക്കച്ചവടക്കാരിൽ നിന്നു വാങ്ങിയ തോക്കുകൾ ബിഹാറിൽ ലാലു യാദവിന് മറിച്ചു വിറ്റുവെന്നായിരുന്നു മൊഴി.

കേസിന്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയ പ്രതി ലാലു യാദവിന്റെ പിതാവിന്റെ പേര് കുന്ദ്രിക സിങ് എന്നാണ്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പിതാവിന്റെ പേര് കുന്ദൻ റായി എന്നാണ്. പേരിലെ ഈ വ്യത്യാസമാണ് കേസ് ഇത് വരെ നീണ്ടു പോവാൻ കാരണമെന്നും മൊഴിയിൽ പറഞ്ഞ ലാലു യാദവ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് തന്നെയാണെന്ന് ഉറപ്പ് വരുത്തിയതായും അതിന്റെ അടിസ്ഥാനത്തലാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് നൽകിയതെന്നും മധ്യപ്രദേശ് പോലീസ് പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com