'ബിജെപിയും ആർഎസ്എസും വിഷം, രുചിക്കാൻ നോക്കിയാൽ മരണം ഉറപ്പ്'; മല്ലികാർജുൻ ഖർഗെ

'ബിജെപി അധികാരത്തിന്റെ മായയിൽ അകപ്പെട്ടു കിടക്കുകയാണ്. സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാന്‍ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ല' പ്രിയങ്ക ഗാന്ധി
'ബിജെപിയും ആർഎസ്എസും വിഷം, രുചിക്കാൻ നോക്കിയാൽ മരണം ഉറപ്പ്';  മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി: ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. ബിജെപി അധികാരത്തിന്റെ മായയിൽ അകപ്പെട്ടു കിടക്കുകയാണ്. സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാന്‍ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ല. സത്യം, വിശ്വാസം, പ്രതീക്ഷ, ക്ഷമ, ധൈര്യം എന്നിവയായിരുന്നു രാമനുണ്ടായിരുന്നത്. എന്നാൽ രാവണന് അധികാരവും പണവും സൈന്യവും ഉണ്ടായിരുന്നെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണ്. ബിജെപിയും ആർഎസ്എസും വിഷം പോലെയാണ് , രുചിക്കാൻ നോക്കിയാൽ മരണം ഉറപ്പാണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്തുനിന്ന് ചവിട്ടി പുറത്താക്കണം. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ എന്നോട് പ്രചാരണത്തേക്കുറിച്ച് ചോദിച്ചു. പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ പണം കളവുപോയെന്ന് മറുപടി നൽകി. കോൺഗ്രസിന് 3500 കോടിയിലധികം ഇൻകം ടാക്സ് ബാധ്യതയാണ് അടിച്ചേൽപിച്ചത്. ഇത്രയും വലിയ ബാധ്യത പാർട്ടിയെ വലിഞ്ഞു മുറുക്കിയിരിക്കുന്നുവെന്നും ഖർഗെ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾക്കു നേരെ കേന്ദ്ര ഏജൻസികൾ എടുക്കുന്ന നടപടികൾക്കെതിരെയാണ് ഇൻഡ്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ശക്തിപ്രകടനവുമായി ഡൽഹിയിൽ ഒത്തുചേർന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിങ്, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി, ജാർഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറൻ, എൻസിപി നേതാവ് ശരദ് പവാർ, ഡൽഹി മന്ത്രി അതിഷി മർലേന, സിപിഐഎം സെക്രട്ടറി ജനറല്‍ സീതാറാം യെച്ചൂരി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള കോൺഗ്രസിലെ നേതാക്കൾ റാലിയിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com