കച്ചൈത്തീവ് വിഷയം; ബംഗ്ലാദേശുമായുള്ള ഭൂഅതിർത്തി കരാർ ചൂണ്ടിക്കാണിച്ച് മറുപടിയുമായി കോൺഗ്രസ്

2015 മുതൽ ബംഗ്ലാദേശുമായുള്ള ഭൂഅതിർത്തി കരാർ ഉയർത്തി കാണിച്ചായിരുന്നു ജയറാം രമേശിൻ്റെ മറുപടി
കച്ചൈത്തീവ് വിഷയം; ബംഗ്ലാദേശുമായുള്ള ഭൂഅതിർത്തി കരാർ ചൂണ്ടിക്കാണിച്ച് മറുപടിയുമായി കോൺഗ്രസ്

ന്യൂഡൽഹി: കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2015 മുതൽ ബംഗ്ലാദേശുമായുള്ള ഭൂഅതിർത്തി കരാർ ഉയർത്തി കാണിച്ചായിരുന്നു ജയറാം രമേശിൻ്റെ മറുപടി. എൻഡിഎ സർക്കാരിൻ്റെ കീഴിൽ ഒപ്പുവച്ച കരാർ ഇന്ത്യയുടെ ഭൂവിസ്തൃതി 10,051 ഏക്കറായി ചുരുങ്ങാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. 17,161 ഏക്കർ ഇന്ത്യൻ ഭൂപ്രദേശം കൈമാറിയപ്പോൾ 7,110 ഏക്കർ മാത്രമാണ് ലഭിച്ചത്. പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം കോൺഗ്രസ് പാർട്ടി പാർലമെൻ്റിൻ്റെ ഇരുസഭകളിലും ബില്ലിനെ പിന്തുണയ്ക്കുക്കയാണ് ചെയ്തതെന്ന് ജയറാം രമേശ് ചൂണ്ടിക്കാണിച്ചു.

കച്ചൈത്തീവ് വിഷയം പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയത് തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ തന്ത്രത്തിൻ്റെ ഭാഗമാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. തമിഴ്നാട്ടിൽ ബിജെപിക്ക് സീറ്റുകൾ ലഭിക്കാത്തതിന്റെ അമർഷമാണ് നരേന്ദ്ര മോദി കാണിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു. 1974ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെങ്ങനെയെന്ന് പ്രതിപാദിക്കുന്ന വിവരാവകാശ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി ഈ വിഷയത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയാണ് ഈ വിഷയത്തിൽ വിവരാവകാശ അപേക്ഷ നൽകിയത്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് വിഷയങ്ങൾ വഴിതിരിച്ചുവിട്ട് പ്രശ്‌നം സൃഷ്ടിക്കാനാണ് അണ്ണാമലൈ വിവരാവകാശ അപേക്ഷ നൽകിയതെന്നും ജയറാം രമേഷ് ആരോപിച്ചു. പൊതുപ്രശ്നങ്ങളെക്കുറിച്ചുള്ള ലക്ഷക്കണക്കിന് വിവരാവകാശ ചോദ്യങ്ങൾ അവഗണിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോൾ, ഇതിന് വിവിഐപി പരിഗണന ലഭിക്കുകയും വേഗത്തിൽ ഉത്തരം നൽകുകയും ചെയ്തുവെന്നും ജയറാം രമേഷ് ചൂണ്ടിക്കാണിച്ചു. കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കോൺഗ്രസിനെ കടന്നാക്രമിച്ചതിന് പിന്നാലെയായിരുന്നു ജയറാം രമേശിൻ്റെ പ്രതികരണം. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി മോദി വിഷയം ഉന്നയിച്ചിരുന്നു.

കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുനല്‍കിയ കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി നേരത്തെ ഡിഎംകെയും രംഗത്ത് വന്നിരുന്നു. മോദിയുടെ വിമര്‍ശനം കാലഹരണപ്പെട്ട രാഷ്ട്രീയ പ്രചാരണമാണെന്നായിരുന്നു ഡിഎംകെ വക്താവ് എസ് മനുരാജ് സമൂഹമാധ്യമത്തിൽ കുറിച്ചത്. എന്നാല്‍, ബിജെപി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തിരക്കിലാണെന്നും അത് ഭയം കൊണ്ടാണെന്നും ഡിഎംകെ ആരോപിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ഒരു വിഷയത്തില്‍ തൻ്റെ പാര്‍ട്ടിക്കാരന്‍ നല്‍കിയ വിവരാവകാശ ചോദ്യവും അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു വാര്‍ത്താ ലേഖനമാണ് പ്രധാനമന്ത്രിയുടെ കണ്ണു തുറപ്പിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്ത് വർഷത്തിന് ശേഷവും, ബിജെപി അതിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രചാരണം നടത്താന്‍ ഭയപ്പെടുന്നു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തിരക്കിലാണ് അദ്ദേഹമെന്നും മനുരാജ് 'എക്‌സി'ൽ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു. ഇതൊരു പരിതാപകരമായ രാഷ്ട്രീയ പ്രചാരണ വിഷയമാണെന്നും മനുരാജ് കുറിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com