ബാരാമതിയിൽ 'പവാർ' പോരാട്ടം: തിരഞ്ഞെടുപ്പിൽ അജിത് പവാറിൻ്റെ ഭാര്യയും സുപ്രിയ സുലെയും ഏറ്റുമുട്ടും

ഇത് തനിക്ക് ഭാഗ്യ ദിനമാണെന്ന് സുനേത്ര പവാർ പറഞ്ഞു.

dot image

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ബരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറിനെ എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അജിത് പവാറിൻ്റെ ബന്ധുവും ശരദ് പവാറിൻ്റെ മകളുമായ സുപ്രിയ സുലെയ്ക്കെതിരെയാണ് സുനേത്ര പവാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ഇത് തനിക്ക് ഭാഗ്യദിനമാണെന്ന് സുനേത്ര പവാർ പറഞ്ഞു.

ശക്തമായ ഊഹാപോഹങ്ങൾക്കിടെയായിരുന്നു ഇന്ന് പ്രഖ്യാപനം വന്നത്. എൻസിപി നേതാവ് സുനിൽ തത്കരെയാണ് ബാരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് സുനേത്ര അജിത് പവാറിനെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മത്സരം കേവലം കുടുംബ വഴക്കിനെക്കാൾ 'പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലിൻ്റെ' പ്രതീകമാണെന്ന് തത്കരെ പറഞ്ഞു. ബാരാമതിയിലെ വോട്ടർമാരുടെയും പാർട്ടി അംഗങ്ങളുടെയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് സുനേത്ര അജിത് പവാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും എൻസിപി നേതാവ് സുനിൽ തത്കരെ പറഞ്ഞു.

നേരത്തെ എൻസിപി ശരദ് പവാർ വിഭാഗം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. സിറ്റിംഗ് എംപി സുപ്രിയ സുലെയെയാണ് ബാരാമതിയിൽ നിന്നും മത്സരത്തിന് നിയോഗിച്ചത്. വാർധ, ദിൻഡോരി, ബാരാമതി, ഷിരൂർ, അഹമ്മദ്നഗർ എന്നീ അഞ്ച് സീറ്റുകളിലേക്കും ശരദ് പവാർ വിഭാഗം പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

പങ്കാളികൾ ഇ ഡി കുരുക്കിൽ തടവിൽ; പരസ്പരം കണ്ടുമുട്ടി ആശ്ലേഷിച്ച് സുനിത കെജ്രിവാളും കൽപ്പന സോറനും

2009 മുതല് സുപ്രിയ സുലെ വന്ഭൂരിപക്ഷത്തില് വിജയിച്ച് വരുന്ന മണ്ഡലമാണ് ബാരാമതി. 55 വർഷത്തിലേറെയായി ബാരാമതി ലോക്സഭാ സീറ്റ് പവാർ കുടുംബത്തിൻ്റെ കോട്ടയാണ്. 1967-ൽ ആദ്യമായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാർ ബാരാമതിയിൽ നിന്ന് വിജയിച്ചിരുന്നു. 1972, 1978, 1980, 1985, 1990 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം സീറ്റ് നിലനിർത്തി. 2009 മുതൽ സുപ്രിയ സുലെ ബാരാമതി ലോക്സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

dot image
To advertise here,contact us
dot image