മാണ്ഡിയില്‍ പ്രചാരണം തുടങ്ങി കങ്കണ; 'മോദി ജി കോ ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം

ബിജെപി തനിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്താല്‍ മാണ്ഡിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് 2022 ഒക്ടോബറില്‍ കങ്കണ പറഞ്ഞിരുന്നു.
മാണ്ഡിയില്‍ പ്രചാരണം തുടങ്ങി കങ്കണ; 'മോദി ജി കോ ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം

മാണ്ഡി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് നടി കങ്കണ റണാവത്ത്. മാണ്ഡിയില്‍ മത്സരിക്കുന്ന കങ്കണ വെള്ളിയാഴ്ച റോഡ് ഷോയിലൂടെയാണ് പ്രചാരണം തുടങ്ങിയത്. വികസനമാണ് ബിജെപിയുടെ അജണ്ടയെന്ന് പറഞ്ഞായിരുന്നു ആരംഭം.

പുഷ്പങ്ങള്‍ ചൊരിഞ്ഞും ഡ്രമ്മിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തുമാണ് മാണ്ഡിയിലെ ഭാംബ്ലയില്‍ ജനിച്ച കങ്കണയെ ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. 'മോദി ജി കോ ജയ് ശ്രീറാം' എന്ന മുദ്രാവാക്യം കങ്കണ വിളിച്ചപ്പോള്‍ അണികളും ഏറ്റുവിളിച്ചു. ബിജെപി തനിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്താല്‍ മാണ്ഡിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് 2022 ഒക്ടോബറില്‍ കങ്കണ പറഞ്ഞിരുന്നു.

നിലവില്‍, മാണ്ഡി ലോക്സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്നത് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രതിഭ സിംഗാണ്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയും പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്ങിന്റെ അമ്മയുമാണ് പ്രതിഭ. 2021ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലാണ് പ്രതിഭ വിജയിച്ചത്.

സ്ഥിതിഗതികള്‍ അനുകൂലമല്ലാത്തതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രതിഭാ സിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് റണാവത്തിന്റെ പേര് പ്രഖ്യാപനത്തിന് ശേഷം മത്സരിക്കാനുള്ള തീരുമാനം അവര്‍ ഉപേക്ഷിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഷിംല, മാണ്ഡി, ഹാമിര്‍പൂര്‍, കാന്‍ഗ്ര എന്നീ നാല് ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം ജൂണ്‍ ഒന്നിന് അവസാന ഘട്ടത്തില്‍ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. നാല് ലോക്സഭാ സീറ്റുകളിലേക്കും ആറ് നിയമസഭാ സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com