ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം

dot image

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ട നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ഉൾപ്പെട്ട ബിഹാറിലെ 4 സീറ്റുകൾ ഒഴികെയുള്ള മണ്ഡലങ്ങളിൽ വൈകിട്ടോടെ പത്രിക സമർപ്പണം പൂർത്തിയായി.

തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളത്. 39 സീറ്റുകളിലേക്കാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറിൽ നാളെ വരെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസരമുണ്ട്. നാളെ പത്രിക സൂക്ഷ്മ പരിശോധന നടത്തും. അതേസമയം, കേരളമടക്കം ജനവിധി എഴുതുന്ന രണ്ടാം ഘട്ടത്തിൻ്റെ വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.

എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നിരവധി നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ ബംഗാൾ ബിജെപി എംപി ദിലീപ് ഘോഷ്, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേഥ് എന്നിവർക്കെതിരെയാണ് കമ്മീഷൻ നോട്ടീസ് നൽകിയത്. മമത ബാനർജിക്കെതിരായ പ്രസ്താവനയിലാണ് ദിലീപ് ഘോഷിനെതിരായ നടപടിയെടുത്തിട്ടുള്ളത്.

ബിജെപി സ്ഥാനാർഥി കങ്കണ റണൗട്ടിന് എതിരായ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് സുപ്രിയയോട് കമ്മീഷൻ വിശദീകരണം തേടിയത്. ഇവരുടെയും മറുപടി ലഭിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന് കമ്മീഷൻ അറിയിച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ബിജെപി, കോൺഗ്രസ് നേതാക്കൾക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

സന്ദേശ്ഖാലി അതിജീവിതയെ ഫോണില് വിളിച്ച് നരേന്ദ്രമോദി; ശക്തി സ്വരൂപയെന്ന് വിശേഷണം
dot image
To advertise here,contact us
dot image