രാമനാഥപുരത്ത് മോദിയോ?; സസ്പെൻസ് നിലനിർത്തി ബിജെപി

മോദി മത്സരിക്കുമെന്ന് തുടക്കം മുതലേ സൂചനയുണ്ടായിരുന്ന ഒരു മണ്ഡലം കൂടിയാണ് രാമനാഥപുരം
രാമനാഥപുരത്ത് മോദിയോ?; സസ്പെൻസ് നിലനിർത്തി ബിജെപി

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തിൽ സസ്പെൻസ് നിലനിർത്തി ബിജെപി. സംസ്ഥാനത്ത് ബാക്കി എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും രാമനാഥപുരത്തെ മാത്രം ഒഴിവാക്കിയത് ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുമെന്ന് തുടക്കം മുതലേ സൂചനയുണ്ടായിരുന്ന ഒരു മണ്ഡലം കൂടിയാണ് രാമനാഥപുരം. ഇപ്പോഴും ആ സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

മോദി മത്സരിച്ചില്ലെങ്കിൽ അടുത്ത ഊഴം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണെന്നും പറയപ്പെടുന്നുണ്ട്. നിർമലാ സീതാരാമന് മറ്റെവിടെയും സീറ്റു നൽകാത്തതും സംശയം ശക്തിപ്പെടുത്തുന്നുണ്ട്. അണ്ണാ ഡിഎംകെ വിമത നേതാവ് ഒ പനീർശെൽവം രാമനാഥപുരത്ത് എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി എന്നവകാശപ്പെട്ട് മത്സരരംഗത്തുണ്ട്. എന്നാൽ ബിജെപിയുടെ ഔദ്യോഗിക പിന്തുണ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. മോദിയോ നിർമലാ സീതാരാമനോ കളത്തിലിറങ്ങിയില്ലെങ്കിൽ അടുത്ത ഊഴക്കാരൻ പനീർ ശെൽവമായേക്കുമെന്നാണ് വിലയിരുത്തൽ.

ബോഡിനായ്ക്കന്നൂരിൽ സിറ്റിങ് എംഎൽഎയാണ് പനീർ ശെൽവം. ഡിഎംകെ സഖ്യത്തിൽ മുസ്‌ലിം ലീഗിനാണ് രാമനാഥപുരം സീറ്റ് അനുവദിച്ചത്. ഡിഎംകെയുടെ സഖ്യ സ്ഥാനാർത്ഥിയും ഐയുഎംഎല്ലിൻ്റെ സിറ്റിംഗ് എംപിയുമായ നവാസ് കെ കനിയാണ് മത്സരിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നവാസ് കനിയുടെ വിജയം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com