അജയ് റായ്: ബിജെപി പാളയത്തിൽ നിന്നും അടവ് പഠിച്ച കോൺഗ്രസിൻ്റെ 'ബാഹുബലി'; പ്രിയങ്കയുടെ വിശ്വസ്തൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രനിനിധീകരിക്കുന്ന മണ്ഡലങ്ങള് പൂര്വാഞ്ചല് മേഖലയിലാണ്. ഇവിടെ കോൺഗ്രസിന് സ്വാധീനം വീണ്ടെടുക്കണമെങ്കിൽ വാരാണസിയിൽ അജയ് റായ് നേടുന്ന വോട്ടുകൾ നിർണ്ണായകമാണ്

അജയ് റായ്: ബിജെപി പാളയത്തിൽ നിന്നും അടവ് പഠിച്ച കോൺഗ്രസിൻ്റെ 'ബാഹുബലി'; പ്രിയങ്കയുടെ വിശ്വസ്തൻ
dot image

വാരാണസി മണ്ഡലത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണ നേരിടാന് ഒരുങ്ങുകയാണ് ഉത്തര്പ്രദേശിലെ നിലവിലെ പിസിസി അദ്ധ്യക്ഷന് അജയ് റായ്. കിഴക്കന് ഉത്തര്പ്രദേശില് 'ബാഹുബലി'യെന്നാണ് അജയ് റായ്യിയുടെ വിളിപ്പേര്. 2014ലും 2019ലും വാരാണസിയില് കോണ്ഗ്രസിന് വേണ്ടി നരേന്ദ്ര മോദിയെ നേരിടാന് രംഗത്തിറങ്ങിയത് അജയ് റായ് ആയിരുന്നു. 2014ല് ആം ആദ്മി പാര്ട്ടിയുടെ അരവിന്ദ് കെജ്രിവാള് രണ്ടാം സ്ഥാനത്തെത്തിയപ്പോള് അജയ് റായ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയിരുന്നു. 2019ല് എസ് പിയുടെ ശാലിനി യാദവ് രണ്ടാമതെത്തിയപ്പോഴും അജയ് റായ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ 2014നെക്കാള് 76,934 വോട്ട് കൂടുതല് നേടാന് അജയ് റായ്ക്ക് സാധിച്ചിരുന്നു. 2009ല് എസ് പിയുടെ സ്ഥാനാര്ത്ഥിയായി മത്സരിച്ചപ്പോള് നേടിയതിലും കൂടുതല് വോട്ട് 2019ല് നേടാനും അജയ് റായ്ക്ക് സാധിച്ചു. ഇത്തവണ എസ് പിയുടെ പിന്തുണയോടെയാണ് അജയ് റായ് വാരാണയിയില് മൂന്നാം അങ്കത്തിനിറങ്ങുന്നത്.

താഴെത്തട്ട് മുതല് ഉത്തര്പ്രദേശില് കോണ്ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ആഗസ്റ്റില് അജയ് റായ്യെ കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുന്നത്. ദലിത് നേതാവായ ബ്രിജ്ലാല് ഖാബ്രിക്ക് പകരമാണ് അജയ് നിയോഗിതനായത്. പ്രിയങ്ക ഗാന്ധിയുടെ ടീം ഉത്തര്പ്രദേശിലെ ഏറ്റവും മികച്ച നേതാവ് എന്ന പരിവേഷവും അജയ് റായ്ക്കുണ്ട്. രാഹുല് ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഉത്തര്പ്രദേശില് ലഭിച്ച ഗംഭീരവരവേല്പ്പിന്റെ സൂത്രധാരനും അജയ് റായ് ആയിരുന്നു. വലിയ ആള്ക്കൂട്ടം ഉത്തര്പ്രദേശില് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അണിനിരന്നിരുന്നു.

ബിജെപിയുടെ തട്ടകത്തിൽ നിന്നും രാഷ്ട്രീയ കരുനീക്കങ്ങൾ പഠിച്ച അജയ് റായ് യോഗി ആദിത്യനാഥിൻ്റെയും മോദിയുടെയും ഹിന്ദുത്വ ആശയങ്ങളോട് പിടിച്ച് നിൽക്കാനുള്ള സമവാക്യങ്ങൾ പിന്തുടരുന്ന നേതാവാണ്. മൃദുഹിന്ദുത്വ എന്ന വിമർശനമുണ്ടെങ്കിലും രാമക്ഷേത്ര വിഷയത്തിൽ അടക്കം പൊതുബോധങ്ങളെ ചേർത്ത് പിടിച്ച് കോൺഗ്രസിന് നിലമൊരുക്കുകയാണ് അജയ് റായ് തന്ത്രം. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ തന്ത്രത്തേട് വിയോജിക്കാതെ ചേർന്നു നിൽക്കുന്നു എന്നതും പ്രധാനമാണ്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില് 17 സീറ്റുകളാണ് എസ് പി കോണ്ഗ്രസിന് നല്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിക്കുമ്പോള് കോണ്ഗ്രസും എസ് പിയും അണിനിരക്കുന്ന മഹാസഖ്യത്തിന് യുപിയില് 25 സീറ്റുകളില് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

'എത്ര തവണ ബനാറസില് വന്നിട്ടുണ്ടെന്ന് മോദിജിക്ക് കണക്കാക്കാം. ഞങ്ങള് ഇവിടെയാണ് ജനിച്ചത്, ഇവിടെ ജീവിക്കും. നേരത്തെയുള്ള ബിജെപിയും ഇന്നത്തെ ബി.ജെ.പിയും തമ്മില് വലിയ അന്തരമുണ്ട്. നേരത്തെ ഒരാള്ക്ക് മുഖ്യമന്ത്രിമാരെ വഴിയില് നിര്ത്തി സംസാരിക്കാമായിരുന്നു, എന്നാല് ഇന്നത്തെ മുഖ്യമന്ത്രിമാരോട് അങ്ങനെ പറ്റില്ല' എന്ന പ്രഖ്യാപനവുമായി വാരാണസിയില് കളം നിറയുകയാണ് അജയ് റായ്. ബിജെപിയുടെ കളിക്കളത്തില് പയറ്റിത്തെളിഞ്ഞതിന്റെ അനുഭവപരിചയം തന്നെയാണ് ബിജെപി ഇപ്പോള് കോര്പ്പറേറ്റുകളുടെ പാര്ട്ടിയാണ് എന്ന വാദമുയര്ത്തി വാരാണസിയില് കളംനിറയാന് അജയ് റായ്ക്ക് തുണയാകുന്നത്.

ബിജെപിയുടെ വിദ്യാര്ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്ത്ഥി പരിഷത്തില് അംഗമായാണ് 'പൂര്വാഞ്ചല് ശക്തന്' എന്നറിയപ്പെടുന്ന അജയ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന കൊളസ്ലയില് നിന്നായിരുന്നു അജയ് റായ് ആദ്യമായി ബിജെപി ടിക്കറ്റില് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1996 ലെ ആദ്യവിജയത്തിന് ശേഷം 2002, 2007 വര്ഷങ്ങളില് തുടര്ച്ചയായി അജയ് റായ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സമജ്വാദി പാര്ട്ടിയില് ചേര്ന്ന അജയ് റായ് 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് വാരാണസിയില് നിന്നും ബിജെപിയുടെ മുരളി മനോഹര് ജോഷിയോട് പരാജയപ്പെട്ടു. 2012 ലാണ് അജയ് റായ് കോണ്ഗ്രസില് ചേരുന്നത്. ആ വര്ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില് പിന്ദ്ര മണ്ഡലത്തില് നിന്നും അജയ് റായ് കോണ്ഗ്രസ് ടിക്കറ്റില് മത്സരിച്ച് വിജയിച്ചു. 2017ലെയും 2022ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില് അജയ് റായ്ക്ക് പക്ഷെ പിന്ദ്രയില് നിന്ന് വിജയിക്കാനായില്ല.

ഇത്തവണ അജയ് റായ് മത്സരിക്കാനിറങ്ങുമ്പോള് സാമുദായിക പരിഗണനകളും ഘടകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കിഴക്കന് ഉത്തര്പ്രദേശിലെ ചില പോക്കറ്റുകളില് സ്വാധീനമുള്ള ഭൂമിഹാര് സമുദായത്തില് നിന്നുള്ളയാളാണ് അജയ് റായ്. നേരത്തെ പൂര്വാഞ്ചല് മേഖല കോണ്ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാല് ഇപ്പോള് ബിജെപിയാണ് ഇവിടെ ആധിപത്യം പുലര്ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രനിനിധീകരിക്കുന്ന മണ്ഡലങ്ങള് പൂര്വാഞ്ചല് മേഖലയിലാണ്. ഇവിടെ കോൺഗ്രസിന് സ്വാധീനം വീണ്ടെടുക്കണമെങ്കിൽ വാരാണസിയിൽ അജയ് റായ് നേടുന്ന വോട്ടുകൾ നിർണ്ണായകമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us