മതവികാരം വ്രണപ്പെടുത്തി; രാഹുലിന്റെ 'ശക്തി' പരാമര്‍ശത്തില്‍ പരാതിയുമായി ബിജെപി

തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെയല്ല, ഒരു ശക്തിക്കെതിരെയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം
മതവികാരം വ്രണപ്പെടുത്തി; രാഹുലിന്റെ 'ശക്തി' പരാമര്‍ശത്തില്‍ പരാതിയുമായി ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. രാഹുലിന്റെ 'ശക്തി' പരാമര്‍ശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്നതും പരസ്പര വൈര്യം വളര്‍ത്തുന്നതുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്ന് ബിജെപി ആരോപിച്ചു.

തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെയല്ല, ഒരു ശക്തിക്കെതിരെയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദിയിലായിരുന്നു പരാമര്‍ശം. ലക്ഷക്കണക്കിന് ആളുകളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു.

രാഹുല്‍ 'നാരി ശക്തി'യെ അപമാനിച്ചുവെന്നും ബിജെപി നേതാവ് ആരോപിച്ചു. ഹിന്ദുമത പ്രകാരം ദുര്‍ഗാ ദേവിയെയാണ് ശക്തി എന്ന് പറയുന്നത്. രാഹുലിന്റെ പ്രസ്താവന ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തി. രാഹുലിന്റെ പ്രസ്താവന ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും ബിജെപി ആരോപിച്ചു.

പരാമര്‍ശം ചര്‍ച്ചയായതോടെ വിശദീകരണവുമായി നേരത്തെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. താന്‍ ഉദ്ദേശിച്ചത് ഭരണഘടനാ സ്ഥാപനങ്ങളെ അടക്കം കീഴടക്കിവെച്ചിരിക്കുന്ന ശക്തിയെ കുറിച്ചാണ്. അത് മോദിയെ കുറിച്ചാണെന്നും അത് അദ്ദേഹത്തിന് മനസിലായിട്ടുണ്ടെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com