യുവതി ജീവനൊടുക്കി, ഭർത്താവിന്റെ വീടിന് തീയിട്ട് ബന്ധുക്കള്; ഭർതൃമാതാപിതാക്കള് വെന്തുമരിച്ചു

വഴക്ക് രൂക്ഷമായതോടെ അൻഷികയുടെ ബന്ധുക്കൾ വീടിന് തീയിട്ടു. തീയണച്ചതിന് ശേഷമാണ് ഭര്ത്താവിന്റെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

dot image

ഡല്ഹി: യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള് ഭർത്താവിന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന, യുവതിയുടെ ഭര്തൃമാതാപിതാക്കള്ക്കും ജീവന് നഷ്ടമായി.

ഉത്തർപ്രദേശിലെ പ്രയാഗിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയോടെ അൻഷിക കേശർവാനിയെ ഭര്ത്താവിന്റെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അന്ഷികയുടെ ബന്ധുക്കള് യുവതി ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആരോപിച്ചു. വഴക്ക് രൂക്ഷമായതോടെ അൻഷികയുടെ ബന്ധുക്കൾ വീടിന് തീയിട്ടു. തീയണച്ചതിന് ശേഷമാണ് ഭര്ത്താവിന്റെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഭര്ത്താവിന്റെ അച്ഛന് രാജേന്ദ്ര കേശർവാനി, അമ്മ ശോഭാ ദേവി എന്നിവരാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

രാത്രി 11 മണിയോടെ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതായി തങ്ങൾക്ക് ഫോൺ വന്നതായി പ്രയാഗ്രാജ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് ഭുക്കർ പറഞ്ഞു. "പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ യുവതിയുടെ ബന്ധുക്കള് ഭർതൃവീട്ടിനു തീയിട്ടു. പൊലീസ് ഉടൻ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു," പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image