'അപമാനിക്കപ്പെട്ടുവെങ്കില്‍ ബിജെപി വിടൂ, ഞങ്ങള്‍ അധികാരമുള്ള മന്ത്രിയാക്കാം': ഗഡ്കരിയോട് താക്കറെ

'അപമാനിക്കപ്പെട്ടുവെന്നു തോന്നുന്നെങ്കില്‍ ബിജെപി വിട്ട് മഹാ വികാസ് അഘാഡി സഖ്യത്തില്‍ ചേര്‍ന്ന് നിങ്ങളുടെ വിജയം ഉറപ്പാക്കുക. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നിങ്ങളെ മന്ത്രിയാക്കും'- താക്കറെ പറഞ്ഞു
'അപമാനിക്കപ്പെട്ടുവെങ്കില്‍ ബിജെപി വിടൂ, ഞങ്ങള്‍ അധികാരമുള്ള മന്ത്രിയാക്കാം': ഗഡ്കരിയോട് താക്കറെ

ന്യൂഡല്‍ഹി: അപമാനിക്കപ്പെട്ടുവെങ്കില്‍ ബിജെപി വിടാന്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയോട് വീണ്ടും ആവശ്യപ്പെട്ട് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. അഴിമതി ആരോപണത്തിന്റെ പേരില്‍ ബിജെപി വേട്ടയാടിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിങ്ങിനെ പോലുള്ളവര്‍ വരെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി. എന്നിട്ടും പട്ടികയില്‍ നിധിന്‍ ഗഡ്കരിയുടെ പേര് ഇല്ല. രണ്ടു ദിവസം മുമ്പ് ഇത് ഞാന്‍ ഗഡ്കരിയോട് പറഞ്ഞിരുന്നു. അത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

'അപമാനിക്കപ്പെട്ടുവെന്നു തോന്നുന്നെങ്കില്‍ ബിജെപി വിട്ട് മഹാ വികാസ് അഘാഡി സഖ്യത്തില്‍ ചേര്‍ന്ന് നിങ്ങളുടെ വിജയം ഉറപ്പാക്കുക. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നിങ്ങളെ മന്ത്രിയാക്കും. അത് അധികാരങ്ങളുള്ള ഒരു പദവിയായിരിക്കും' താക്കറെ പറഞ്ഞു. കിഴക്കന്‍ മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ പുസാദില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗഡ്കരിയോട് മുമ്പും താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റാക്കാമെന്ന് തെരുവില്‍ കഴിയുന്ന മനുഷ്യൻ മറ്റൊരാളോട് വാഗ്ദാനം ചെയ്യുന്നതുപോലെയാണ് താക്കറെയുടെ വാഗ്ദാനം എന്നു പറഞ്ഞായിരുന്നു ഫഡ്‌നാവിസിന്‍റെ പരിഹാസം. ഗഡ്കരി ബിജെപിയുടെ പ്രമുഖ നേതാവാണ്. എന്നാൽ ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതിനാലാണ് ആദ്യ പട്ടികയിൽ അദ്ദേഹത്തിന്‍റെ പേര് ഇല്ലാതെ പോയതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഉദ്ധവ് താക്കറെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ജുംല എന്നാണ് ഉദ്ധവ് താക്കറെ സിഎഎയെ വിശേഷിപ്പിച്ചത്. അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും പാഴ്‌സികളെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന സമയത്തുള്ള വിജ്ഞാപനം സംശയാസ്പദമാണെന്നും താക്കറെ കൂട്ടിച്ചേർത്തു.

'അപമാനിക്കപ്പെട്ടുവെങ്കില്‍ ബിജെപി വിടൂ, ഞങ്ങള്‍ അധികാരമുള്ള മന്ത്രിയാക്കാം': ഗഡ്കരിയോട് താക്കറെ
'അപേക്ഷിക്കുന്നതിനു മുന്‍പ് ആലോചിക്കണം, നിങ്ങൾ തടവിലാകും'; പൗരത്വഭേദഗതിയില്‍ മമതയുടെ മുന്നറിയിപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com